മട്ടുപ്പാവിനെ മനോഹരമാക്കാൻ പൂച്ചെടി തന്നെ വേണ്ട; ഈ ആയുർവേദ ഔഷധങ്ങൾ ആയാലോ?

0
53

നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് പലപ്പോഴും പുറത്തുനിന്ന് കൊണ്ട് വരുന്ന പല ചെടികളും അധികകാലം നിലനിൽക്കാറില്ല. പറഞ്ഞുവന്നത് ഫ്ലാറ്റുകളിൽ ഒക്കെ താമസിക്കുന്ന ആളുകളെ കുറിച്ചാണ്. അവരെ സംബന്ധിച്ച് സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ കൂടുതൽ പേരും ഫ്ലാറ്റുകളിലെ ബാൽക്കണികളിലും മറ്റുമൊക്കെയാവും പൂന്തോട്ടങ്ങൾ ഉണ്ടാക്കി എടുക്കാറുള്ളത്. എന്നാൽ അതിന് ഉണ്ടാവുന്ന വലിയൊരു വെല്ലുവിളിയാണ് മേലെ പറഞ്ഞത്.

കേരളത്തിലെ മഴ കൂടുതൽ ഉള്ള കാലാവസ്ഥയ്ക്ക് പലപ്പോഴും ചില ചെടികൾ ഒക്കെ യോജിക്കാതെ വരും. അതിൽ മനം നൊന്ത് മട്ടുപ്പാവിലെ പൂന്തോട്ടം ഉപേക്ഷിച്ചു പോയവർ ഏറെയാണ്. അങ്ങനെയുള്ളവർക്ക് യോജിക്കുന്ന ചൊല്ലാണ് മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നത്. അതായത് നമുക്ക് ചുറ്റും ഉണ്ടായിട്ടും ഒരുപാട് ഗുണങ്ങൾ ഉണ്ടായിട്ടും നാം അധികം ശ്രദ്ധിക്കാത്ത ചില ചെടികളെയാണ് സൂചിപ്പിക്കുന്നത്. അവ അധികം ചിലവില്ലാതെ, കാര്യമായ പരിചരണം ഇല്ലാതെ തന്നെ നമുക് എളുപ്പത്തിൽ വളർത്തിയെടുക്കാം.

പലർക്കും അറിയാത്തൊരു കാര്യമാണ് ബാൽക്കണിയിലെ ആയുർവേദ ഔഷധ ചെടികളുടെ തോട്ടത്തെ കുറിച്ച്. ചെറിയ ഔഷധ ചെടികൾ ഒക്കെ വളർത്താൻ സെന്റ് കണക്കിന് ഭൂമിയൊന്നും ആവശ്യമില്ല. മാത്രമല്ല ഇത്തരം ചെടികൾ ഉണ്ടാക്കുന്ന നേട്ടമോ പറഞ്ഞറിയിക്കാൻ കഴിയാത്തതുമായിരിക്കും. അത്തരത്തിൽ നിങ്ങളുടെ ബാൽക്കണിയിൽ വളർത്താൻ കഴിയുന്ന ഔഷധ ഗുണങ്ങളുള്ള ചില ചെടികൾ ഏതൊക്കെയെന്ന് നോക്കാം. തുളസി: ഔഷധസസ്യങ്ങളുടെ റാണി എന്നും അറിയപ്പെടുന്ന തുളസി, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും നെഞ്ചിലെ പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ടോണിക്ക് പോലെ പ്രവർത്തിക്കുന്ന ഔഷധ സസ്യങ്ങളിൽ ഒന്നാണ്. വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയതാണ് ഈ ചെടിയെന്ന് നാം പണ്ട് മുതൽക്കേ പറഞ്ഞു കേൾക്കുന്നതാണ്. ഇത് ഇട്ട് ആവി പിടിച്ചാൽ നെഞ്ചിലെ കഫത്തിന് ഉൾപ്പെടെ ശമനം ഉണ്ടാവും. പുതിന: ഒരു ഉന്മേഷദായക സസ്യമാണ് പുതിന എന്ന് പറയുന്നത്. ഇത് പലപ്പോഴും പാചകത്തിലും ഉന്മേഷദായക പാനീയങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നു. ഇത് സുഗന്ധമുള്ളതും ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതും തലവേദന ശമിപ്പിക്കുന്നതിനും സഹായിക്കുന്ന ചെടിയാണ്. ശരിയായ പരിചരണം നൽകിയാൽ ചെറിയ ചട്ടിയിൽ ഈ ചെടി വേഗത്തിൽ തന്നെ നിങ്ങൾക്ക് വളർത്തിയെടുക്കാം.

കറ്റാർ വാഴ: ചർമ്മസംരക്ഷണത്തിനും മുടി സംരക്ഷണത്തിനും പേരുകേട്ട ഔഷധമാണ് ഇത്. പൊള്ളലിനും മുറിവുകൾക്കും പ്രകൃതിദത്ത പരിഹാരങ്ങൾ നൽകുന്നതിനൊപ്പം, ദഹനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. കൂടാതെ കറ്റാർ വാഴ പരിപാലിക്കാൻ എളുപ്പമാണ്, നല്ല സൂര്യപ്രകാശം ഉള്ളിടത്താണെങ്കിൽ പിന്നെ തിരിഞ്ഞുപോലും നോക്കേണ്ടി വരില്ല. കറിവേപ്പില: ആർക്കും എവിടെയും ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പിലയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും മുടി വളർച്ചയ്ക്കും സഹായിക്കുന്ന ഘടകമാണ്. ഇടയ്ക്കിടെ നനയ്ക്കുമ്പോൾ അവ നന്നായി വളരും. ഭക്ഷണത്തിന് രുചി കൂട്ടാനും ഇത് ചേർക്കാറുണ്ട്. ഉലുവ: ദഹന പ്രക്രിയകളെ സുഗമമാക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും മുടിക്ക് ഗുണം ചെയ്യുകയും ചെയ്യുന്ന ഔഷധ സസ്യങ്ങളിൽ ഒന്നാണ് ഉലുവ. അധികം ഉൾ പരപ്പില്ലാത്ത പത്രങ്ങളിൽ പോലും അതിജീവിക്കാൻ കഴിയുന്ന വേഗത്തിൽ വളരുന്ന ഒരു ഇനമാണിത്. ഇത് വീട്ടിൽ ഉണ്ടെങ്കിൽ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി പ്രവർത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here