വീട്ടിൽ നിന്ന് പുറത്ത് പോകുമ്പോൾ ഇനി മാസ്ക് ധരിക്കാൻ മറക്കേണ്ട. സിംഗപൂർ, തായ്ലൻഡ്, ചൈന തുടങ്ങിയതെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾപോലെ കേരളത്തിലും കോവിഡ് കേസുകൾ വർധിച്ചുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒമിക്രോൺ ജെഎൻ1 സബ്-വകഭേദങ്ങളായ എൽഎഫ്.7, എൻബി1 എന്നിവയാണ് ഇപ്പോഴത്തെ വ്യാപനത്തിന് പിന്നിൽ. ഈ വകഭേദങ്ങൾ വളരെ വേഗത്തിൽ പടരുന്നുവെങ്കിലും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയിലും കേസുകൾ ക്രമാനുഗതമായി വർധിച്ചുവരികയാണ്. കേരളം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും തമിഴ്‌നാടും. മെയ് മാസത്തിൽ ഇതുവരെ കേരളത്തിൽ 182 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) എന്നിവിടങ്ങളിലാണു കൂടുതലായി കേസുകൾ റിപ്പോർട്ട് ചെയ്തത്.
‘നിലവിൽ രോഗികൾക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണ് കാണിക്കുന്നത്. സാധാരണയായി ആശുപത്രിവാസം ആവശ്യമില്ല, ചിലർക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാം. എന്നാൽ, രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അവർ സുഖം പ്രാപിക്കുന്നു,’ ഐഎംഎ ഗവേഷണ സെൽ കൺവീനർ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.