മധുര: സിപിഎം പാർട്ടി കോൺഗ്രസിൽ പലസ്തീന് ഐക്യദാർഢ്യവുമായി സമ്മേളന പ്രതിനിധികൾ. മധുരയിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ അണിഞ്ഞാണ് പ്രതിനിധികളെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി അടക്കമുള്ള നേതാക്കളെല്ലാം കഫിയ ധരിച്ച് പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി. സയണിസത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും പ്രതിനിധികൾ മുദ്രാവാക്യം വിളിച്ചു.
അതേസമയം, കേരള മോഡൽ ഉയർത്തിക്കാട്ടിയുള്ള പ്രമേയം ഇന്ന് സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും. കേരള സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് പ്രമേയം. കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യ വ്യാപകമായി ഉയർത്തിക്കാട്ടി പ്രചാരണം നടത്തണമെന്നും പ്രമേയം ആവശ്യപ്പെടും.