വീണ്ടും രാജ്യത്ത് പുതിയ കറന്‍സി നോട്ടുകള്‍ എത്തുന്നു. പുതിയ 20 രൂപ നോട്ട് ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പോട് കൂടിയാകും പുതിയ 20 രൂപ നോട്ടുകള്‍ എത്തുക. നോട്ടു നിരോധനത്തിനു ശേഷം ആര്‍ബിഐ അവതരിപ്പിച്ച പുതിയ നോട്ടുകളുടെ സീരീസില്‍ തന്നെയാകും ഈ നോട്ടും എത്തുക. അതായത് നിലവില്‍ വിപണിയില്‍ ലഭ്യമായ പുതിയ 20 നോട്ടിന്റെ സമാന രൂപകല്‍പ്പനയും സവിശേഷതകളും തന്നെയാകും പുതിയ ശ്രേണിക്ക് ഉണ്ടാകുക. ഗവര്‍ണറുടെ ഒപ്പ്, നേരിയ ചില പരിഷ്‌കാരങ്ങ മാത്രമാകും ഉണ്ടാകുക.
പുതിയ 20 രൂപ നോട്ടിന് പച്ചകലര്‍ന്ന മഞ്ഞ നിറമാകും ഉണ്ടാകുക. 63mm x 129mm വലുപ്പിമാണ് കറന്‍സിക്കുള്ളത്. നോട്ടിന്റെ പിന്‍ഭാഗത്ത് ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന എല്ലോറ ഗുഹകളുടെ ചിത്രമാണുള്ളത്.
- നോട്ടിന്റെ മുന്‍വശത്തും പിന്‍വശത്തും ഫ്‌ലോറല്‍ മാതൃകകളില്‍ ’20’ എന്ന മൂല്യം അച്ചടിച്ചിരിക്കും.
- ദേവനാഗരി ലിപിയിലും ’20’ എന്ന് പ്രദര്‍ശിപ്പിച്ചിരിക്കും.
- നോട്ടില്‍ ആര്‍ബിഐ, ഭാരത്, ഇന്ത്യ എന്നിങ്ങളെ ആലേഖനങ്ങളും, 20 എന്ന് മൂല്യവും ഉണ്ടാകും.
- മഹാത്മാഗാന്ധിയുടെ ഛായാചിത്രം, അശോക സ്തംഭ ചിഹ്നം, സ്വച്ഛ് ഭാരത് ലോഗോ, ഒരു ഭാഷാ പാനല്‍ എന്നിവയും നോട്ടില്‍ ഉണ്ടാകും.
- ആധികാരികതയും സുരക്ഷയും പരിശോധിക്കുന്നതിനായി ഗവര്‍ണറുടെ ഒപ്പ്, ഗ്യാരണ്ടി ക്ലോസ്, ആര്‍ബിഐ ചിഹ്നം എന്നിവ മുന്‍വശത്താകും.
പുതിയ നോട്ടുകള്‍ പഴയ നോട്ടുകളെ വിപണികളില്‍ നിന്ന് മാറ്റുന്നില്ല. നിലവിലുള്ള എല്ലാ 20 രൂപ നോട്ടുകളും തുടർന്നും നിയമപരമായി നിലനില്‍ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
പൗരന്മാര്‍ക്ക് മികച്ച നിലവാരമുള്ളതും കൂടുതല്‍ സുരക്ഷിതവുമായ കറന്‍സികള്‍ നല്‍കുക എന്ന ആര്‍ബിഐ ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ നോട്ടുകള്‍. നോട്ടിലെ മെച്ചപ്പെടുത്തിയ സുരക്ഷാ സവിശേഷതകള്‍ വ്യാജ കറന്‍സിയുടെ അപകടസാധ്യത കുറയ്ക്കും. എല്ലോറ ഗുഹകള്‍ പോലുള്ള ഡിസൈന്‍ ഘടകങ്ങളിലൂടെ ഇന്ത്യന്‍ പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം കൂടിയാണിത്. വിപണികളില്‍ ചെറു മൂല്യമുള്ള നോട്ടുകളുടെ ലഭ്യത ഉറപ്പാക്കാനും ഈ നടപടി വഴി ലക്ഷ്യമിടുന്നു.