പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകാൻ രാജ്യം. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കും!

0
18

പ്രതിരോധ മേഖലയിൽ ശക്തമായ സാന്നിധ്യമാകുകയാണ് ഇന്ത്യ. ആധുനിക ആയുധങ്ങൾ സ്വന്തമാക്കുന്നതിനൊപ്പം തദ്ദേശീയമായി വികസിപ്പിക്കുന്നതിന് കൂടുതൽ പരിഗണന നൽകുന്നുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം സുരക്ഷ കണക്കിലെടുത്താണ് പ്രതിരോധരംഗത്തെ ആയുധങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം എത്തിയത്. പാകിസ്താനിൽ നിന്നടക്കം സമ്മർദ്ദം തുടരുന്നതിനാൽ പുതിയ തലമുറ ആയുധങ്ങൾ ആയുധപ്പുരയിലെത്തിക്കുകയാണ്.

പ്രതിരോധ മേഖല ശക്തമാക്കുന്നതിൻ്റെ ഭാഗമായി അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വികസിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് രാജ്യം കടന്നുകഴിഞ്ഞു. യുദ്ധവിമാനത്തിൻ്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതോടെ പുതിയ തുടക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. യുദ്ധവിമാന നിർമാണ രംഗത്ത് സ്വയം പര്യാപ്തത നേടാനുള്ള സുപ്രധാന നീക്കമാണിതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി 2024 മാർച്ചിൽ അഞ്ച് എഎംസിഎ പ്രോട്ടോടൈപ്പുകളുടെ പൂർണ തോതിലുള്ള എൻജിനീയറിങ് വികസനത്തിന് അംഗീകാരം നൽകിയിരുന്നു.

അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടിൽ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിന് ആവശ്യമായ റഡാർ, സ്റ്റെൽത്ത് സാങ്കേതിക വിദ്യ, സ്റ്റെൽത്ത് ഡിസൈൻ എന്നിവ പൂർത്തിയാക്കിയിരുന്നു. യുദ്ധവിമാനത്തിൻ്റെ എൻജിൻ വികസനമാണ് പൂർത്തിയാകാനുള്ളത്. ഈ നിർമാണത്തിൽ വിദേശ കമ്പനികളുമായി സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സിക്കാണ് (എഡിഎ) പദ്ധതിയുടെ നേതൃത്വ ചുമതല.

യുദ്ധവിമാനത്തിൻ്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതോടെ പുതിയ തുടക്കത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നേട്ടം കൈവരിച്ചാൽ ഇന്ത്യ പ്രതിരോധ രംഗത്ത് ശക്തമായ സാന്നിധ്യമാകും. യുഎസ്, റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് നിലവിൽ സ്റ്റെൽത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളൂ. ഈ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ കടക്കാൻ പദ്ധതിയിടുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന് F-22 റാപ്റ്ററും F-35A ലൈറ്റ്നിങ് II ഉം ഉണ്ട്, ചൈനയ്ക്ക് J-20 മൈറ്റി ഡ്രാഗണും റഷ്യയ്ക്ക് സുഖോയ് Su-57 ഉം ഉണ്ട്.

സ്വകാര്യ വ്യവസായ പങ്കാളികളുമായി സഹകരിച്ച് എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ) എഎംസിഎ പദ്ധതിക്ക് നേതൃത്വം നൽകും. സെൻസർ ഫ്യൂഷൻ, ഇന്റേണൽ വെപ്പൺസ് ബേകൾ, അഡ്വാൻസ്ഡ് ഏവിയോണിക്സ്, സൂപ്പർക്രൂയിസ് ശേഷി തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റെൽത്ത്-ഹെവി, മൾട്ടി-റോൾ പ്ലാറ്റ്‌ഫോമായിരിക്കും.

എന്താണ് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ്?

6.5 ടൺ ശേഷിയുള്ള ഇന്ധന ടാങ്കുള്ള 25 ടൺ ഇരട്ട എൻജിൻ വിമാനമാണ് എഎംസിഎ. നിലവിലെ സാഹചര്യത്തിൽ ഏറ്റവും പുതിയ വെല്ലുവിളികളെ നേരിടാൻ ഇതിന്റെ നൂതന സ്റ്റെൽത്ത് സവിശേഷതകൾക്കാകും. പദ്ധതിയുടെ പ്രാരംഭ ചെലവ് 15,000 കോടി രൂപയാകും. അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൻ്റെ സഹായവും ഉണ്ടാകും. നെറ്റ്സെൻട്രിക് വാർഫെയർ സിസ്റ്റംസ്, ആയുധങ്ങൾ വഹിക്കാനുള്ള ഇന്റേണൽ വെപ്പൺ ബേ, ഇന്റഗ്രേറ്റഡ് വെഹിക്കിൾ ഹെൽത്ത് മാനേജ്‌മെന്റ്, അത്യാധുനിക ഏവിയോണിക്‌സ് എന്നിവയുമുണ്ട്. നാല് ദീർഘദൂര എയർ ടു എയർ മിസൈലുകളും നിരവധി പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങളും വഹിക്കാൻ ശേഷിയുണ്ട്. ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാൻഡ് സെൻ്ററായും പ്രത്തിക്കാനാകും. പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന സംവിധാനമാണ് ലോയൽ വിങ്മാൻ. ഇതിനായി കാറ്റ്സ് വാരിയർ എന്ന ഡ്രോൺ ഡിആർഡിഒയും എഡിഎയും ചേർന്ന് വികസിപ്പിക്കുന്നുണ്ട്. അഞ്ചാം തലമുറ വിമാനങ്ങൾ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ ഉള്ളതിനാൽ ശത്രുക്കളുടെ റഡാറിന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്.

ആദ്യത്തെ എഎംസിഎ 2035 ഓടെ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിച്ചേക്കും. 2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. 10 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ യുദ്ധവിമാനം കൈമാറാന്‍ കഴിയുമെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ സമിര്‍ കാമത്ത് വ്യക്തമാക്കിയിരുന്നു. എഎംസിഎ വികസിപ്പിക്കുന്നതിലെ നിർണായക ഘടകം എൻജിൻ ആണ്.

ആദ്യകാല ജെറ്റുകൾ (1940 – 1950): പ്രൊപ്പല്ലറുകളിൽ നിന്ന് ജെറ്റ് എൻജിനുകളിലേക്കുള്ള പരിവർത്തനത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ഈ ജെറ്റുകൾക്ക് റഡാർ ഇല്ലായിരുന്നു. മെഷീൻ ഗണ്ണുകളും ഗൈഡഡ് റോക്കറ്റുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേഗതയിലും ഉയരത്തിലെ പറക്കലും പരിമിതമായിരുന്നു. രൂപകൽപ്പനയും നിർമാണവും അടിസ്ഥാനപരമായിരുന്നു.

രണ്ടാം തലമുറയിൽ സൂപ്പർസോണിക് ആൻഡ് റഡാർ യുഗം (1950 – 1960) ആരംഭിച്ചു. ഈ കാലഘട്ടത്തിലെ ജെറ്റുകൾ സൂപ്പർസോണിക് വേഗത കൈവരിക്കുകയും റഡാർ സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു. AIM-9 പോലുള്ള എയർ ടു എയർ മിസൈലുകൾ അവതരിപ്പിക്കുകയും ചെയ്തു. മിഗ്-21 (യുഎസ്എസ്ആർ), എഫ്-104 സ്റ്റാർഫൈറ്റർ (യുഎസ്എ), മിറേജ് III (ഫ്രാൻസ്), ഇംഗ്ലീഷ് ഇലക്ട്രിക് ലൈറ്റ്നിംഗ് (യുകെ) എന്നിവ ഉദാഹരണങ്ങളാണ്.

ജനറേഷൻ മൂന്നിൽ മൾട്ടി റോളിന്റെ വരവ് (1970-1980): വായുവിൽ നിന്ന് കരയിലേക്കും വായുവിൽ നിന്ന് വായുവിലേക്കും ആക്രമണങ്ങൾ നടത്താൻ ജെറ്റുകൾക്ക് സാധിച്ചു. ഡിജിറ്റൽ ഏവിയോണിക്സ്, ഫ്ലൈ ബൈ വയർ സിസ്റ്റങ്ങൾ, മെച്ചപ്പെട്ട ത്രസ്റ്റ് ടു വെയ്റ്റ് അനുപാതങ്ങൾ എന്നിവ ഉപയോഗിച്ച് അവ കൂടുതൽ കൈകാര്യം ചെയ്യാവുന്നതും വിവിധ ദൗത്യങ്ങൾക്ക് അനുയോജ്യവുമായി മാറി.

1990 മുതൽ നാലാം ജനററേഷൻ ആരംഭിച്ചു. കൃത്യമായ വിവരങ്ങൾ ആശയവിനിമയം, സാങ്കേതികവിദ്യ എന്നിവ യുദ്ധവിമാനങ്ങളിൽ സജ്ജമായി. ഈ കാലഘട്ടത്തിലെ യുദ്ധവിമാനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നൂതന ഏവിയോണിക്‌സിന്റെയും നെറ്റ്‌വർക്ക് കേന്ദ്രീകൃത യുദ്ധത്തിന്റെയും കേന്ദ്രങ്ങളായി മാറി. നാലാം തലമുറയിലെ ജെറ്റുകൾ ആധുനിക സാങ്കേതികവിദ്യ, മെച്ചപ്പെട്ട ഏവിയോണിക്‌സ്, അഡ്വാൻസ്ഡ് സെൻസറുകൾ, ആയുധ സംവിധാനങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here