തലസ്ഥാനത്ത് ഇനി അഞ്ച് നാൾ കൗമാര കലാപൂരമാണ്. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് കലാമാമാങ്കത്തിന് തിരിതെളിയുക. രാവിലെ 10 മണിക്ക് ഒന്നാം വേദിയായ നിളയിലാകും ഔപചാരിക ഉദ്‌ഘാടനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും.
ഉരുള്‍പൊട്ടൽ ദുരന്തത്തെ അതിജിവിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളും തിരുവന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് എത്തുന്നുണ്ട്. വെള്ളാര്‍മല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും.നാടകാവതരണത്തിന് തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് വെള്ളാർമലയിലെ കുട്ടികള്‍ തെരഞ്ഞെടുത്തത്.
25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്, പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്. അപ്പീലുകൾ പരിഗണിക്കുമ്പോൾ എണ്ണം ഇനിയും കൂടും. കലോത്സവ സ്വാഗത ഗാനത്തിന്‍റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതു വിദ്യാലയത്തിലെ കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കും. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ തിട്ടപ്പെടുത്തിയതാണ് സ്വാഗത ഗാനം.