കേരളത്തിലെ ആദ്യ മൊബൈല്‍ കമ്പനിയായ ബിപിഎല്ലിനെ ഒരു ദേശീയ ബ്രാൻഡായി വളര്‍ത്തിയ പാരമ്പര്യമാണ് രാജീവ് ചന്ദ്രശേഖര്‍ എന്ന വ്യവസായിയുടേത്. അതേ രാജീവ് ചന്ദ്രശേഖർ ഇന്ന് കേരളത്തിലെ ബിജെപിയെ മികച്ച ‘ബ്രാൻഡാ’ക്കി മാറ്റാനും അധികാരത്തില്‍ എത്തിക്കാനുമുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു.
പാർട്ടിയുടെ ഒരു ഘടകത്തിലും പ്രവര്‍ത്തിച്ചതിന്റെ പരിചയവുമായല്ല രാജീവ് ചന്ദ്രശേഖര്‍ ബിജെപിയെ നയിക്കാന്‍ എത്തുന്നത്. അദ്ദേഹത്തിന്റെ
രാഷ്ട്രീയ നേതൃപാഠവം എന്തെന്ന് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ, വ്യവസായത്തില്‍ രാജീവ് പടുത്തുയര്‍ത്തിയ സാമ്രാജ്യം ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഒരു ബ്രാൻഡിനെ ലോകോത്തരമാക്കി മാറ്റാനുമുള്ള ആ കഴിവ് കണ്ടാണ്, മറ്റൊന്നും ആലോചിക്കാതെ ഉന്നതമായ ഈ ചുമതല ഏല്‍പ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം തയാറായത്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം തരംഗമായി മാറിയപ്പോഴും ബിജെപിക്ക് കേരളത്തില്‍ അതിനൊത്ത മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നേമത്ത് ഒ രാജഗോപാലിന്റെ വിജയത്തിലൂടെയാണ് ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നത്. ബിജെപിയുടെ സ്ഥാപക നേതാവും ആദ്യ സംസ്ഥാന അധ്യക്ഷനുമായിരുന്നു ഒ രാജഗോപാല്‍. വാജ്‌പെയി മന്ത്രിസഭയില്‍ റെയില്‍വെ സഹമന്ത്രിയുമായിരുന്നു. ഒ രാജഗോപാലിന് മണ്ഡലത്തിലെ ജനങ്ങളുമായുണ്ടായിരുന്ന വ്യക്തിപരമായ ബന്ധമാണ് വിജയത്തിലേക്കുള്ള വഴിതുറന്നതെന്ന കാര്യം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് വ്യക്തമായി.സീറ്റ് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ നിലനിര്‍ത്താൻ കഴിഞ്ഞില്ല.
പിന്നീട് ബിജെപിക്ക് ആശ്വാസമായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലെ വിജയമാണ്. സാക്ഷാല്‍ നരേന്ദ്രമോദി നേരിട്ട് നടത്തിയ ശ്രമങ്ങളുടെ ഫലമായി തൃശൂരില്‍ സിനിമാ താരം കൂടിയായ സുരേഷ് ഗോപി വിജയിച്ചു. പക്ഷേ തൃശൂരിനേക്കാളും ബിജെപി പ്രതീക്ഷ പുലർത്തിയിരുന്നത് തിരുവനന്തപുരത്താണ്. ഡോ. ശശി തരൂരിനെ പരാജയപ്പെടുത്താനുള്ള സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം കണ്ടെത്തിയത് രാജീവ് ചന്ദ്രശേഖറിനെയായിരുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു അന്ന് രാജീവ്.
സ്ഥാനാർഥിയായി എത്തുമ്പോൾ രാജീവ് ചന്ദ്രശേഖറിന് തിരുവനന്തപുരം മണ്ഡലത്തില്‍ മുന്‍പരിചയങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും രാജീവ് ചന്ദ്രേശഖർ ശശി തരൂരുമായി കനത്ത പോരാട്ടം നടത്തി. തോറ്റെങ്കിലും കോൺഗ്രസിനെ വിറപ്പിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞു.