കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ മരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ അപമാനിച്ച മനോരമ പത്രത്തിനെതിരെ താമരശ്ശേരിയില്‍ പ്രതിഷേധം. മനോധൈര്യം കൈവിടാതെ 49 ജീവനുകള്‍ രക്ഷിച്ച താമരശ്ശേരി ചുണ്ടകുന്നുമ്മല്‍ സിജീഷിനെ കൊലക്കേസ് പ്രതിയായി ചിത്രീകരിച്ചതിനെതിരെയാണ് താമരശ്ശേരിയില്‍ മനോരമ പത്രം കത്തിച്ച് പ്രതിഷേധിച്ചത്. തെറ്റായ രീതിയില്‍ ഫോട്ടോ കൊടുത്തത് സംബന്ധിച്ച് വിളിച്ച് അന്വേഷിച്ചവരോട് ധിക്കാരത്തോടെയാണ് മനോരമ അധികൃതര്‍ പെരുമാറിയതെന്നും നാട്ടുകാർ പറയുന്നു.
കഴിഞ്ഞമാസം ഇരുപതിനു താമരശേരിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ബസ് കുന്നംകുളത്ത് എത്തിയപ്പോഴാണ് സിജീഷിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ ബസ് ഒതുക്കി നിര്‍ത്തി. ഉടനെ സീറ്റില്‍ കുഴഞ്ഞുവീണ സിജീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ന്ന് താമരശ്ശേരി താലുക്കാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആരോഗ്യ നില വഷളയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി.
48 യാത്രക്കാരുടെയും കണ്ടെക്ടറുടെയും ജീവന്‍ രക്ഷിച്ച സിജീഷ് മരണത്തിന് കീഴടങ്ങിയതിന്റെ വേദനയില്‍ നാടും കെ എസ് ആര്‍ ടി സിയും കണ്ണീരിലാണ്ടപ്പോഴാണ് വ്യാഴാഴ്ചയിലെ മനോരമ പത്രത്തില്‍ ഒരു കൊലപാതക കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തക്കൊപ്പം സിജീഷിന്റെ ഫോട്ടോ നല്‍കിയത്. ഫോട്ടോക്ക് താഴെ പേര് അടിക്കുറിപ്പും നല്‍കി. സംഭവം ശ്രദ്ധയില്‍പ്പെട്ട സിജീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മനോരമ ഓഫീസില്‍ വിളിച്ചപ്പോള്‍ ധിക്കാരത്തോടെയാണ് പെരുമാറിയത്. ഇതിനെതിരെയാണ് സിജീഷിന്റെ സുഹൃത്തുക്കളും നാട്ടുകാരും താമരശ്ശേരിയില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
വെഴുപ്പൂര്‍ റോഡില്‍ നിന്നും ആരംഭിച്ച പ്രതിഷേധം താമരശേരി പഴയ ബസ് സ്ററാന്റില്‍ സമാപിച്ചു. തുടര്‍ന്ന് മനോരമ പത്രം കത്തിച്ചു. സിജീഷിനെയും കുടുംബത്തെയും അപമാനിച്ച മനോരമ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ട്.