കെ.സുധാകാരന് പോലീസിന്റെ ‘അസാധാരണ’ നോട്ടീസ്: മാർച്ചിൽ സംഘർഷമുണ്ടായാൽ നടപടി

0
50

കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകാരന് പോലീസിന്റെ അസാധാരണ നോട്ടീസ്. കണ്ണൂർ കളക്ടറേറ്റ് മാർച്ചിൽ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും അക്രമമുണ്ടായാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയാണ് സുധാകരന് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്.

മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. കണ്ണൂർ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ചിനിടെ പോലീസിന് നേരെയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. അക്രമം തടയാതിരുന്നാൽ മാർച്ചിന്റെ ഉദ്ഘാടകൻ എന്ന നിലയിൽ താങ്കൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തിൽ മാർച്ച് ഉദ്ഘാടനം ചെയ്യുന്ന ആൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയ നോട്ടീസയക്കുന്നത് അസാധാരണാണ്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോൺഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടത്തിവരുന്നത്.

സർക്കാർ എത്രമാത്രം ഭയക്കുന്നു എന്നതാണ് ഈ നോട്ടീസിലൂടെ പുറത്ത് വരുന്നതെന്ന് കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് ഇതിനോട് പ്രതികരിച്ചു.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെങ്ങും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പോലീസ് ലാത്തിവീശി.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും കലാശിച്ചു. ബിരിയാണിച്ചെമ്പുമായി പ്രതീകാത്മകസമരത്തിനെത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകരും പോലീസുമായി കൊമ്പുകോർത്തു. പോലീസിന്റെ ലാത്തി കൈക്കലാക്കിയ വനിതാപ്രവർത്തകർ ലാത്തിയുമായാണ് പ്രകടനം നടത്തിയത്. ഇവർ സെക്രട്ടേറിയറ്റിനുമുന്നിൽ ബിരിയാണിവിതരണവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here