രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ പൊതു പ്രതിപക്ഷ സ്ഥാനാർഥിയെ നിർത്താനുള്ള ശ്രമങ്ങളുമായി കോൺഗ്രസ്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രതിപക്ഷത്തെ ഒരുമിപ്പിക്കാനുള്ള പ്രധാന അവസരമെന്ന നിലയിലാണ് രാഷ്ട്രപതിതിരഞ്ഞെടുപ്പിനെ കോൺഗ്രസ് കാണുന്നത്. സമാനമനസ്കരായ പാർട്ടികളോട് സ്വന്തം സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ആവശ്യപ്പെടേണ്ടെന്നാണ് പാർട്ടി തീരുമാനം. പകരം, പ്രതിപക്ഷ പാർട്ടികൾക്കെല്ലാം സ്വീകാര്യമാവുന്ന സ്ഥാനാർഥിയെ കണ്ടെത്താനും ചർച്ചകൾ നടത്താനും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയോഗിച്ചു. തൃണമൂൽ കോൺഗ്രസ്, എൻ.സി.പി. തുടങ്ങിയ കക്ഷികളുമായി ഖാർഗെ പ്രാഥമിക ചർച്ചകൾ നടത്തിയതായി ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.
എം.പി.മാരും എം.എൽ.എ.മാരുമടങ്ങുന്ന 48.9 ശതമാനം വോട്ടർമാരാണ് എൻ.ഡി.എ.ണ്ടയ്ക്കുള്ളത്. പ്രതിപക്ഷ കൂട്ടായ്മയ്ക്കൊപ്പം നിൽക്കുന്ന പാർട്ടികളും മറ്റു പാർട്ടികൾക്കും ചേർന്ന് 51.1 ശതമാനം വോട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ ബി.ജെ.ഡി.യോ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ. കോൺഗ്രസോ മാത്രം പിന്തുണച്ചാൽ എൻ.ഡി.എ. സ്ഥാനാർഥിക്ക് ജയിക്കാം. ഈ രണ്ടു പാർട്ടികളും പ്രതിപക്ഷ ഐക്യനിരയ്ക്കൊപ്പം എത്താൻ സാധ്യത വിരളമാണെങ്കിലും ചർച്ച നടത്താനാണ് കോൺഗ്രസ് നീക്കം. മറ്റൊരു പ്രമുഖ പ്രതിപക്ഷ പാർട്ടിയായ ടി.ആർ.എസിന്റെ നേതാവ് ചന്ദ്രശേഖർ റാവു കോൺഗ്രസിതര മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് സമവായശ്രമങ്ങൾക്ക് കോൺഗ്രസ് ശ്രമം നടത്തുന്നത്. ബി.ജെ.പി.യുമായി അകൽച്ചയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ-യു ഇത്തവണ അവരുടെ സ്ഥാനാർഥിക്ക് വോട്ടുചെയ്യുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.