കൊല്‍ക്കത്ത: 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ അതിശക്തമായ വെല്ലുവിളിയെ അതിജീവിച്ചുകൊണ്ട് വന്‍ വിജയമായിരുന്നു ബംഗാളില്‍ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. എന്നാല്‍ തിളക്കമാർന്ന വിജയത്തിനൊടുവിലും തൃണമൂല്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് നന്ദിഗ്രാമിലായിരുന്നു.
നന്ദിഗ്രാമില്‍ ഇപ്പോഴും ബി ജെ പിക്ക് തങ്ങളുടെ ആധിപത്യം നിലനിർത്താന്‍ കഴിയുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് (ടി എം സി) ഏറെക്കാലമായി കൈവശം വച്ചിരുന്ന സഹകരണ സ്ഥാപനം പിടിച്ചെടുത്തുകൊണ്ടാണ് ബി ജെ പിയുടെ മുന്നേറ്റം. ഭെകുട്ടിയ സമബായ് ഫാർമേസ് സമിതിയാണ് സംസ്ഥാനത്തെ പ്രതിപക്ഷമായ ബി ജെ പിയുടെ കൈകളിലേക്ക് എത്തിയിരിക്കുന്നത്. ഏറെ സംഘർഷഭരിതമായ അന്തരീക്ഷത്തിലായിരുന്നു ഞായറാഴ്ച സഹകരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്.
ഉച്ചവരേയുള്ള വോട്ടെടുപ്പിന് ശേഷം ഉച്ചക്ക് ശേഷം വോട്ടെണ്ണല്‍ നടന്നപ്പോള്‍ ആകെയുള്ള 12 സീറ്റുകളില്‍ 11 ലും ബി ജെ പി സ്ഥാനാർത്ഥികള്‍ വിജയിക്കുകയായിരുന്നു. മറുവശത്ത് അധികാരത്തിലിരുന്ന സ്ഥാപനത്തില്‍ ഒരു സീറ്റിലേക്ക് ഒതുങ്ങേണ്ട നാണക്കേടിലുമായി തൃണമൂല്‍ കോണ്‍ഗ്രസ്. അതേസമയം തിരഞ്ഞെടുപ്പിന് പിന്നാലെ ബി ജെ പിക്കെതിരെ വലിയ ആരോപണങ്ങളുമായി ടി എം സി പ്രവർത്തകർ രംഗത്ത് എത്തി.
പുറത്തുനിന്നുള്ളവരെ കൊണ്ടുവന്ന് അക്രമം നടത്തിയാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും സമിതി തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാൽ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരായി വിധിയെഴുതിയെന്നും വ്യക്തമായ ജനവിധിയുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അധികാരത്തിലെത്തിയതെന്നുമാണ് ബി ജെ പിയുടെ മറുപടി.