സൗദി രാജകുമാരന്റെ നന്ദി പ്രകടനം ആഗോള ഇമോജി പദവിയിലേക്ക്!

0
11

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിനിടെ സിറിയയ്ക്ക് മേലുള്ള ഉപരോധം നീക്കുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയപ്പോൾ നന്ദി സൂചകമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നെഞ്ചിൽ കൈവെച്ച് ആദരവ് പ്രകടിപ്പിച്ചത് വൈറലായിരുന്നു. ഈ നന്ദി പ്രകടനം സൗദിയിലും അറബ് ലോകത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നെഞ്ചിൽ കൈവച്ച് നടത്തിയ ഈ നന്ദി പ്രകടനം ആരുടേ മുഖത്തും ചിരി പടർത്തുന്ന ഒരു കാഴ്ചയായിരുന്നു.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ആംഗ്യം സൗദിയിലും അറബ് സമൂഹമാധ്യമങ്ങളിലും തരംഗമായി. ഈ ആംഗ്യം നിരവധി പേർ ചിത്രങ്ങളായും വിഡിയോകളായും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും അനുകരിക്കുകയും ചെയ്തു. ഈ ആംഗ്യം ഉടൻ ഒരു ഇമോജിയായി മാറിയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൗദി സോഫ്റ്റ്‌വെയർ എൻജിനീയർ അലി അൽ-മുതൈരി, കൈ നെഞ്ചിൽ വെക്കുന്ന ഇമോജി ആവിഷ്കരിക്കാൻ യൂണിക്കോഡ് കൺസോർഷ്യത്തിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്. ഇത് അറബ് സംസ്കാരത്തിലെ ആദരവിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയുടെയും ഗൾഫ് രാജ്യങ്ങളുടെയും ആദരവും നന്ദിയുമുള്ള സംസ്കാരം ലോകത്തിന് പരിചയപ്പെടുത്തുന്നതിനാണ് ഇങ്ങനെയൊരു ഇമോജിക്ക് വേണ്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

ലോകം ശ്രദ്ധിച്ച രാജകുമാരന്റെ ഒരു ആത്മാർത്ഥമായ നിമിഷമായിരുന്നു അത്. ഈ കാലഘട്ടത്തിലെ ഭാഷയായ ഇമോജിയിൽ അത് വരുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസിറ്റിവായ ചർച്ചകൾ ആണ് നടക്കുന്നത്. ജാപ്പനീസ് കിമോണോ, ഇന്ത്യൻ സാരി, തുടങ്ങിയ പല സംസ്‌കാരങ്ങളും ഇമോജികളിൽ ഇതിനോടകം ഇടം നേടിയിട്ടുണ്ട്. അലി അൽ-മത്രാഫി ഇതുമായി ബന്ധപ്പെട്ട പുറത്തിറക്കിയ ട്വീറ്റ് 3.2 ദശലക്ഷത്തിലധികം ആളുകൾ കണ്ടു. സൗദി അറേബ്യയിലെയും സിറിയയിലെയും അറബ് ലോകത്തിലെയും ആളുകൾ ഈ ആംഗ്യം അനുകരിച്ച് പല ചിത്രങ്ങളും ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ നൽകിയിട്ടുണ്ട്.

സിറിയക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരുപാട് അർത്ഥം നൽകുന്ന ഒന്നാണ്. വർഷങ്ങളായുള്ള ദുരിതത്തിന് ശേഷം സിറിയയെ പിന്തുണച്ച് ഒരു നേതാവ് രംഗത്ത് വന്നത് ഞങ്ങൾക്ക് പ്രത്യാശ നൽകി. ഇത് വെറുമൊരു രാഷ്ട്രീയപരമായ ആംഗ്യമല്ല, ഞങ്ങളുടെ വേദന ആരെങ്കിലും അംഗീകരിക്കുന്നു എന്നതിന്റെ പ്രതീകമാണെന്ന് സിരിയൻ പൗരൻ പറഞ്ഞതായി ഖലീഡ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നു.

നെഞ്ചിൽ കൈവെക്കുന്ന ഈ ആംഗ്യത്തിന് ഒരു ഇമോജി രൂപം ആയി വരുന്നതിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് തങ്ങളുടെ സംഭാഷണങ്ങളിൽ ആദരവും സ്നേഹവും പ്രകടിപ്പിക്കാൻ ഈ പുതിയ ഇമോജി ഉപയോഗിക്കാനാകും. ഒരു സാംസ്കാരിക പ്രതീകം ആഗോളതലത്തിൽ സ്വീകരിക്കപ്പെടുന്നതിന്റെ ഉദാഹരണം കൂടിയാണിത്. 2025 മേയ് 13നാണ് ഔദ്യോഗിക സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദയിൽ എത്തുന്നത്. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം സൗദിയിൽ സന്ദർശനം നടത്തിയത്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആണ് ട്രംപിനെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here