പച്ചപ്പും ഹരിതാഭയും വേണ്ടുവോളമുള്ള പാലക്കാടും ഇനി വലിയ വ്യവസായ കേന്ദ്രമാകും. ഒരുങ്ങുന്നത് വലിയ നിക്ഷേപ അവസരങ്ങൾ. ബാംഗ്ലൂർ കൊച്ചി വ്യവസായ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ ചിറകുവിരിക്കുന്നത കാഞ്ചിക്കോട് സ്മാർട്ട് സിറ്റി പദ്ധതി കൂടെയണ്. ഇവിടെ നൂറുകണക്കിന് തൊഴിൽ അവസരങ്ങൾ പുതിയതായി സൃഷ്ടിക്കപ്പെടും. ഒരു ലക്ഷം പേർക്ക് മൊത്തം തൊഴിൽ ലഭിക്കും എന്നാണ് കണക്കാക്കുന്നത്. 8,729 കോടി രൂപയുടെ നിക്ഷേപമാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പുതുശ്ശേരി പഞ്ചായത്തിലാണ് പുതിയ സ്മാർട്ട് സിറ്റി വികസിപ്പിക്കുന്നത്.
പാലക്കാടെ വ്യവസായ ഇടനാഴി രാജ്യത്തെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ പ്രോജക്റ്റുകളിൽ ഒന്നു കൂടെയാണ്. മെഡിക്കൽ ഉൽപന്നങ്ങൾ, ഹൈടെക്ക് ഇൻഡസട്രി, ഫാബ്രിക്കേറ്റഡ് ഉൽപന്നങ്ങൾ എന്നിവയൊക്കെയാകും ഈ രംഗത്ത് വരുന്ന പുതിയ വ്യവസായങ്ങൾ. കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി കഞ്ചിക്കോട് വഴി കോയമ്പത്തൂരിലേക്ക് നീട്ടാൻ സംസ്ഥാന സർക്കാരാണ് ആവശ്യപ്പെട്ടത്. 1,710 ഏക്കർ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ ഉപാധി. ഭൂമി ഏറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്.
പാലക്കാട് സ്മാർട്ട് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ആദ്യ ഘട്ടത്തിന് മാത്രം ഏകദേശം 1,100 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നത്. 1,400 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതുശ്ശേരി സെൻട്രൽ, കണ്ണമ്പ്ര പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തായിരിക്കും ഈ നിക്ഷേപം എത്തുക. ഇതിനായി അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു.
നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെൻ്റ് ആൻഡ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റും കേരള സർക്കാരിന്റെ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡും ചേർന്നാണ് പദ്ധതി വികസിപ്പിക്കുന്നത്. സംസ്ഥാന സർക്കാർ കിഫ്ബി വഴി പദ്ധതിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരും പദ്ധതിയിൽ തുല്യ തുക നിക്ഷേപിക്കും. ഇവിടുത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പ്രദേശത്ത് റോഡുകൾ, ഡ്രെയിനേജ്, പാലങ്ങൾ, ജലവിതരണ സംവിധാനം, അഗ്നിശമന സംവിധാനങ്ങൾ, ജല പുനരുപയോഗ പ്രക്രിയ തുടങ്ങിയ വയ്ക്കാണ് ഇപ്പോൾ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.