തേക്ക് മരങ്ങൾ മാത്രം ലേലം ചെയ്ത്1393 കോടിയിലധികം രൂപ ഖജനാവിൽ !.

0
17
സംസ്ഥാനത്തെ വനം റേഞ്ചുകളിൽനിന്ന് മരങ്ങൾ ലേലം ചെയ്ത വകയിൽ സഹസ്രകോടിയിലധികം രൂപയുടെ വരുമാനം നേടി സർക്കാർ.  2016 മുതലുള്ള കാലയളവിൽ 6,42,492 തേക്ക് മരങ്ങളാണ് മുറിച്ചത്.

തേക്ക് മരങ്ങൾ മാത്രം ലേലം ചെയ്ത് സർക്കാർ നേടിയത് സഹസ്രകോടിയുടെ വരുമാനം. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ തേക്ക് മരങ്ങൾ മാത്രം ലേലം ചെയ്ത വകയിൽ 1393 കോടിയിലധികം രൂപ ഖജനാവിലേക്ക് എത്തി. 2016 മുതലുള്ള കാലയളവിൽ 6,42,492 തേക്ക് മരങ്ങളാണ് മുറിച്ചത്. സംസ്ഥാന വനം വന്യജീവി വകുപ്പ് നിയമസഭയിൽ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്തെ വനം റേഞ്ചുകളിൽനിന്ന് 2016 മുതൽ തേക്ക്, ഈട്ടി, ചന്ദനം ഉൾപ്പെടെ 6.75 ലക്ഷത്തിലധികം മരങ്ങളാണ് മുറിച്ചുമാറ്റിയതെന്നാണ് കണക്ക്. ഇതിൽ തേക്കിൽനിന്ന് മാത്രമാണ് 1393 കോടിയിലധികം രൂപ വരുമാനമായി ലഭിച്ചത്. കൂടാതെ, നികുതിയിനങ്ങളിൽ 800 കോടി രൂപയും സർക്കാരിലേക്ക് ലഭിച്ചു.

പാലക്കാട് വനം ഡിവിഷനിലാണ് ഏറ്റവും കൂടുതൽ തേക്ക് ലേലം നടന്നത്. 480.94 കോടി രൂപയാണ് പാലക്കാട് വനം ഡിവിഷനിൽനിന്ന് തേക്ക് ലേലം ചെയ്ത വകയിൽ സർക്കാരിന് ലഭിച്ചത്. തൊട്ടുപിന്നിലുള്ള തിരുവനന്തപുരം, പുനലൂർ വനം ഡിവിഷനുകളിൽനിന്ന് യഥാക്രമം 293 കോടി രൂപയും 194.84 കോടി രൂപയും വരുമാനമായി ലഭിച്ചു. കൂടാതെ, കോഴിക്കോട്, പെരുമ്പാവൂർ, കോട്ടയം വനം ഡിവിഷനുകളും വരുമാനത്തിൽ നിർണായക സംഭാവന നൽകി.

6,42,492 തേക്ക് മരങ്ങൾക്ക് പുറമേ, 22,549 ഈട്ടി, 15,277 ചന്ദനം എന്നീ മരങ്ങളും ഇക്കാലയളവിൽ മുറിച്ചുമാറ്റിയിട്ടുണ്ട്. ഇവ ലേലം ചെയ്ത വകയിലുള്ള കോടികളും സർക്കാർ വരുമാനത്തിലേക്ക് എത്തി. കാതലിൽ തേക്കിനേക്കാൾ പിന്നിലാണെങ്കിലും ചന്ദനമരം ലേലം ചെയ്ത വകയിലും സർക്കാരിന് കോടികൾ വരുമാനമായി ലഭിച്ചിട്ടുണ്ട്. കർണാടകത്തിലെ സോപ്പ് നിർമാണ കമ്പനികൾക്കടക്കം കേരളത്തിലെ ചന്ദനമരങ്ങൾ ആവശ്യമുണ്ട്.

വനം വകുപ്പിൻ്റെ ക്ലിയറൻസോടുകൂടി മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്കുകളാണ് സർക്കാർ രേഖകളിലുള്ളത്. രേഖകൾ പ്രകാരം, 6,75,160 മരങ്ങളാണ് വനം വകുപ്പിൻ്റെ അനുമതിയോടെയാണ് മുറിച്ചുമാറ്റിയത്. സംസ്ഥാന നിയമപ്രകാരം, സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചന്ദനമരമുണ്ടെങ്കിലും മുറിച്ചുമാറ്റാൻ അനുമതിയില്ല. വനം വകുപ്പിന് മാത്രമാണ് അതിന് അധികാരം. മരം ലേലം ചെയ്ത് വകയിൽ കിട്ടുന്ന പണത്തിൽനിന്ന് ചെലവ് കഴിച്ച് ബാക്കി ഉടമസ്ഥന് കൊടുക്കണമെന്നാണ് നിയമം. പട്ടയം വഴി കിട്ടിയ ഭൂമിയിൽ നിൽക്കുന്ന തേക്ക്, പട്ടയം വഴി കിട്ടിയ ഭൂമിയിലെ തേക്ക്, ഈട്ടി, കരിമരം, ചന്ദനം തുടങ്ങിയ മരങ്ങളുടെ ഉടമസ്ഥാവകാശവും സർക്കാരിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here