കേരളീയത്തിന് പിന്തുണയുമായി ബിജെപി നേതാവ് ഒ രാജഗോപാൽ:

0
76

കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം പിന്തുണയുമായി രംഗത്തെത്തിയത്. ബിജെപി നേതാക്കൾ ഉൾപ്പെടെ പരിപാടി ബഹിഷ്കരിച്ച സാഹചര്യത്തിലാണ് അകമഴിഞ്ഞ പിന്തുണയുമായി മുതിർന്ന ബിജെപി നേതാവ് തന്നെ രംഗത്തെത്തിയതും. കേരളീയം പരിപാടിക്കെതിരെ ബിജെപി എതിർപ്പ് ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാജഗോപാൽ പ്രസംഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ബിജെപിയും കേരളീയം പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഒ രാജഗോപാൽ നടത്തിയ പ്രസ്താവന ഏറെ വാർത്താ പ്രാധാന്യം നേടുകയായിരുന്നു.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം മികച്ച പരിപാടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയോട് ബിജെപി മുഖം തിരിഞ്ഞു നിൽക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും രാജഗോപാൽ വ്യക്തമാക്കി. രാജഗോപാലിൻ്റെ പ്രസ്താവന ബിജെപി നേതൃത്വത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നിയമസഭ പ്രാധാന്യം നേടിക്കൊടുത്ത വ്യക്തിയെ തള്ളിക്കളയാനും കൊള്ളാനും സാധിക്കാത്ത അവസ്ഥയിലാണ് നിലവിൽ ബിജെപി നേതൃത്വം. അതേസമയം രാജഗോപാലിൻ്റെ പ്രസ്താവന സംബന്ധിച്ച് മറ്റു ബിജെപി നേതാക്കളാരും അഭിപ്രായങ്ങളുമായി രംഗത്തെത്തിയില്ല.

കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഒ രാജഗോപാലിനെ മുഖ്യമന്ത്രി പ്രസംഗത്തിലൂടെ സ്വാഗതം ചെയ്തു. ഒ രാജഗോപാലിൻ്റെ സഹകരണ മനോഭാവത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗ മധ്യേ പറഞ്ഞു. കേരളീയം പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രാജഗോപാലിൻ്റെ ഇരിപ്പിടത്തിന് സമീപമെത്തി അദ്ദേഹത്തിന് ഹസ്തദാനവും നൽകിയിരുന്നു. കേരളീയം പൂർണ വിജയമെന്നും പലരുടെയും എതിർപ്പുണ്ടായിട്ടും പരിപാടി വൻ വിജയമാകുകയായിരുന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയൻ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here