തിരുവനന്തപുരം • സ്കൂളുകളിലെ ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണുന്നതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. തിങ്കളാഴ്ച മുതല്‍ അതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറോടു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂളുകളിലും അങ്കണവാടിയിലും ഭക്ഷ്യവിഷബാധ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂളുകളിലും അങ്കണവാടികളിലും ഭക്ഷണം ഉണ്ടാക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശുചിത്വം പാലിക്കണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവര്‍ക്ക് പരിശീലനം നല്‍കും. ആഹാര സാധനങ്ങളും കുടിവെള്ളവും തുറന്നു വയ്ക്കരുത്. അവബോധം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കായംകുളത്തും കൊട്ടാരക്കരയിലുമാണു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. കായംകുളം പുത്തന്‍റോഡ് യുപി സ്കൂളിലെ 20 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കല്‍ അങ്കണവാടിയിലെ നാലു കുട്ടികളുമാണ് ചികിത്സ തേടിയത്. സ്കൂളില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചതാണ് കാരണമെന്നാണ് രക്ഷിതാക്കളുടെ പരാതി. വിഴിഞ്ഞത്തും 35 സ്കൂള്‍ കുട്ടികള്‍ക്കു ഭക്ഷ്യവിഷബാധയേറ്റിരുന്നു.