ചെന്നൈ: മൂന്ന് ഐസിസി കിരീടങ്ങളടക്കം നിരവധി നേട്ടങ്ങളുമായാണ് എം എസ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരിക്കുന്നത്. വിക്കറ്റിന് മുന്നിലും പിന്നിലും ക്യാപ്റ്റന്‍സിയിലും എല്ലാം റെക്കോര്‍ഡ് ബുക്കിലും ധോണിയുടെ പേര് എഴുതി ചേർക്കപ്പെട്ടു.
2004 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ധോണിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിക്കറ്റ് കീപ്പര്‍മാരെ മാറിമാറി പരീക്ഷിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ ക്രിക്കറ്റില്‍ വര്‍ഷങ്ങളായി മറ്റൊരു പേരിനേക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്ന നിലയിലേക്ക് ധോണി എത്തിച്ചിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരില്‍ ഏകദിനത്തില്‍ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിംഗുകളുമുണ്ട്.
എന്നാൽ ഇവിടംകൊണ്ട് മാത്രം അവസാനിക്കുന്നില്ല ശരാശരിക്കണക്കിലെ ധോണിപ്രഭ. പതിനായിരത്തിലേറെ റണ്‍സ് നേടിയ താരങ്ങളില്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് മാത്രമാണ് അമ്പതിലേറെ ശരാശരിയുള്ളത്. കോലിയുടെ ശരാശരി 59.33. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്‍റെ റെക്കോര്‍ഡ് സ്വന്തമായുള്ള മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് 44.83 ശരാശരിയേ ഉള്ളൂ.
പതിനായിരത്തിലേറെ ഏകദിന റണ്‍സ് നേടിയ 14 താരങ്ങളില്‍ മിക്കവരും ഓപ്പണര്‍മാരോ മൂന്നും നാലും സ്ഥാനങ്ങളില്‍ ബാറ്റേന്തിയവരോ ആണ്. എന്നാല്‍ ധോണിയാവട്ടെ അഞ്ച്, ആറ് സ്ഥാനങ്ങളിലായിരുന്നു കൂടുതലും ഇറങ്ങിയിരുന്നത്. അതിനാല്‍തന്നെ എക്കാലത്തെയും മികച്ച ഏകദിന ഫിനിഷര്‍ എന്ന അലങ്കാരവുമായാണ് ധോണി മടങ്ങുന്നത്. എത്ര നാളുകൾ കഴിഞ്ഞാലും ധോണിയെന്ന പ്രഭാവം ക്രിക്കറ്റ് ചരിത്രത്തില്‍ വിസ്‌മയമായി തന്നെ നിലനില്‍ക്കുമെന്ന കാര്യത്തിൽ സംശയമില്ല.