തിരുവനന്തപുരം: ചെറുവീടുകള്‍ക്ക് മഴവെള്ള സംഭരണി വേണമെന്ന നിബന്ധന ഒഴിവാക്കി കെട്ടിടനിര്‍മ്മാണച്ചട്ടം ഭേദഗതിചെയ്തു. അഞ്ചുസെന്റില്‍ താഴെയുള്ള വസ്തുവില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്കും 300 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്കും ഇനി മഴവെള്ളസംഭരണി ഒരുക്കേണ്ട. 2019-ലെ കെട്ടിട നിര്‍മ്മാണച്ചട്ട ഭേദഗതിക്കെതിരേ പരാതി ഉയര്‍ന്നതിനാലാണ് വീണ്ടും ഭേദഗതി.
കെട്ടിടനിര്‍മ്മാണമേഖലയ്ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമായതായി പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് 2019-ലെ ചട്ടം വീണ്ടും ഭേദഗതിചെയ്തത്.
1999-ലെ പഴയ ചട്ടത്തില്‍ അനുവദിച്ചിരുന്ന പല ഇളവുകളും നഷ്ടമായിരുന്നു. ഇത് റിയല്‍ എസ്റ്റേറ്റുകാരുടെ പരാതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. ഇതിനൊപ്പം വന്‍കിടക്കാര്‍ക്കും നിരവധി ഇളവുകള്‍ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ റിയില്‍ എസ്റ്റേറ്റുകാരെ കൂടെ നിര്‍ത്താനുള്ള സാധ്യതയാണ് ഇതിലൂടെ സര്‍ക്കാര്‍ ഒരുക്കുന്നത്.
150 ചതുരശ്രമീറ്ററോ എട്ട് സെന്റ് സ്ഥലമോ ഉള്ള കെട്ടിടത്തിനൊപ്പം ഒരു മഴവെള്ളസംഭരണി വേണമെന്ന ചട്ടം ഏറെ പ്രതിഷേധത്തിന് ഇടനല്‍കിയിരുന്നുു. ഭേദഗതി വന്നതോടെ എത്രചെറിയ വീടുണ്ടാക്കിയാലും മഴവെള്ളസംഭരണി ആവശ്യമാണെന്ന സ്ഥിതി വന്നു. ചെറിയ സ്ഥലത്ത് ഇത്തരം ഒരുനിര്‍മ്മാണം നടത്തിയാല്‍ മഴവെള്ളസംഭരണിയും സെപ്റ്റിക് ടാങ്കും മലിനജലം സംഭരിക്കുന്നതിനുള്ള ടാങ്കും ഒക്കെയായി മുറ്റംനിറയെ കുഴിയാകും.
ഈ സാഹചര്യത്തിലാണ് ചട്ടം മാറ്റുന്നത്. ഇതോടെ ചെറിയ വീടുകള്‍ക്ക് മഴ വെള്ള സംഭരണി വേണ്ടെന്ന സ്ഥിതി വരും. ഒരുതലത്തിലുള്ള ചര്‍ച്ചപോലുമില്ലാതെയാണ് കെട്ടിടനിര്‍മ്മാണച്ചട്ടം നേരത്തെ പരിഷ്‌കരിച്ചത്. 1972-ല്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാനാണ് പലയിടത്തും നിലവിലുള്ളത്. കാലികമായ മാസ്റ്റര്‍പ്ലാന്‍പോലുമില്ലാതെ ഇത്തരം ചട്ടങ്ങള്‍ എങ്ങനെയാണ് നടപ്പാക്കുകയെന്ന ചോദ്യം പല കോണില്‍ നിന്നും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്യുന്നത്.
1000 കോഴികളെയും 20 പശുക്കളെയും 50 ആടുകളെയും വളര്‍ത്തുന്ന ഫാമുകള്‍ക്ക് പെര്‍മിറ്റ് ആവശ്യമില്ല. ‘സുഭിക്ഷ’ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഇളവ് നല്‍കിയത്. കെട്ടിടനിര്‍മ്മാണത്തിലെ സെറ്റ് ബാക്ക് വ്യവസ്ഥയും പുനഃസ്ഥാപിച്ചു. 1999-ലെ ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. ഇതുപ്രകാരം ശരാശരി സെറ്റ്ബാക്ക് നല്‍കി കെട്ടിടം നിര്‍മ്മിക്കാം.
വ്യവസായസ്ഥാപനങ്ങളിലേക്കുള്ള റോഡുകള്‍ക്കും ഇളവുണ്ട്. 4000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വ്യവസായസ്ഥാപനങ്ങള്‍ക്ക് 10 മീറ്റര്‍ വീതിയില്‍ റോഡുവേണമെന്ന നിബന്ധന ഒഴിവാക്കി. 6000 ചതുരശ്രമീറ്റര്‍വരെ അഞ്ചുമീറ്ററും അതില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളിലേക്ക് ആറുമീറ്ററും വീതിയില്‍ റോഡ് മതിയാകും.
18,000 സ്‌ക്വയര്‍ മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള സ്ഥാപനങ്ങള്‍ക്ക് എട്ടുമീറ്റര്‍ വീതിയിലുള്ള റോഡ് മതിയാകും. നേരത്തേ 10 മീറ്റര്‍ വീതിയില്‍ റോഡ് വേണമെന്ന് നിബന്ധനവെച്ചിരുന്നു. ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയവയ്ക്ക് എട്ടുമീറ്റര്‍ വീതിയില്‍ റോഡ് മതിയാകും. 10 മീറ്റര്‍ വീതിയില്‍ സംസ്ഥാനത്ത് റോഡുകളില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇളവ് അനുവദിച്ചത്. ബില്‍ഡ്‌അപ് ഏരിയയുടെ അടിസ്ഥാനത്തില്‍ ഫ്‌ളോര്‍ ഏരിയ കണക്കാക്കിയിരുന്നതും പിന്‍വലിച്ചു.