നഗരത്തിലെ മൊത്തത്തിലുള്ള വായുവിന്റെ ഗുണനിലവാരത്തിൽ കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്‌ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്.സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം, നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 മണിക്ക് 418 ആയാണ് രേഖപ്പെടുത്തിയത്.ആനന്ദ് വിഹാർ, ദ്വാരക, ഷാദിപൂർ, മന്ദിർ മാർഗ്, ഐടിഒ, ആർകെ പുരം, പഞ്ചാബി ബാഗ്, നോർത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്‌പർഗഞ്ച്, ഓഖ്‌ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുൾപ്പെടെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകൾ രാവിലെ 6 മണിക്ക് 400ന് മുകളിൽ എക്യുഐ രേഖപ്പെടുത്തിയിട്ടുണ്ട്.
ആനന്ദ് വിഹാറിൽ എക്യുഐ 452, ആർകെ പുരത്ത് 433, പഞ്ചാബി ബാഗിൽ 460, ഐടിഒയിൽ 413 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതേസമയം, ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ), ഗ്രേറ്റർ നോയിഡയാണ് 474 എക്യുഐയോടെ ഏറ്റവും മലിനീകരണം നേരിടുന്ന പ്രദേശം. അതേസമയം നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ രാവിലെ 6 മണിക്ക് ‘വളരെ മോശം’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെ ഡൽഹിയിലെ ആനന്ദ് വിഹാറിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 999ൽ എത്തിയിരുന്നു. ദീപാവലിക്ക് മുമ്പ് തന്നെ ഇവിടെ എക്യുഐ ‘അപകടകരമായ’ വിഭാഗത്തിലെത്തി എന്നതാണ് ഭയക്കേണ്ട വസ്‌തുത.
ദേശീയ തലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിൽ വൈക്കോൽ കത്തിക്കുന്നത് നിർത്താൻ പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാരുകരോട് സുപ്രീം കോടതി നിർദ്ദേശിച്ചു.ഇത്തരം നടപടികൾ തടയാൻ പഞ്ചാബിനോട് സുപ്രീം കോടതി കർശനമായി ആവശ്യപ്പെടുകയും കർഷകർ തീ കത്തിക്കുന്നത് ഒഴിവാക്കാൻ ബദൽ വിളയിലേക്ക് മാറാൻ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്‌തു. “നിങ്ങൾക്ക് എല്ലാ ഉദ്യോഗസ്ഥരെയും ലഭിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല… പക്ഷേ ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു ക്ഷമയുമില്ല…” ജസ്‌റ്റിസ് കൗൾ പറഞ്ഞു.
പടക്കങ്ങളിൽ നിരോധിത രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദ്ദേശങ്ങൾ ഡൽഹിക്കും സമീപ പ്രദേശങ്ങൾക്കും മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും സുപ്രീം കോടതി പറഞ്ഞു.
ചില പടക്കങ്ങളുടെ ഉപയോഗം നിരോധിക്കുകയും വായു, ശബ്‌ദ മലിനീകരണം കുറയ്ക്കണമെന്നും നിർദ്ദേശിക്കുന്ന കോടതി വിധി നടപ്പാക്കാൻ രാജസ്ഥാനോട് ആവശ്യപ്പെടണമെന്ന അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ വിശദീകരണം.