ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷൻ. ജനസംഖ്യാ നിയന്ത്രണ പരാമർശത്തിൽ നിതീഷ് കുമാർ മാപ്പ് പറയണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ രംഗത്ത് വന്നു. ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാളും സമാന ആവശ്യമുയർത്തി.
ജനസംഖ്യ നിയന്ത്രിക്കുന്നതിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത അടിവരയിട്ട് പറഞ്ഞുകൊണ്ടാണ് ബിഹാർ മുഖ്യമന്ത്രി ചൊവ്വാഴ്‌ച സഭയിൽ സംസാരിച്ചത്. “ഇത്തരം പരാമർശങ്ങൾ പിന്തിരിപ്പൻ മാത്രമല്ല, സ്ത്രീകളുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പുകളെ കുറിച്ചുമുള്ള അവബോധമില്ലായ്‌മ കൂടിയാണ്. ഈ പരാമർശങ്ങൾക്ക് ബീഹാർ മുഖ്യമന്ത്രി രാജ്യത്തുടനീളമുള്ള സ്ത്രീകളോട് മാപ്പ് പറയണം” ദേശീയ വനിതാ കമ്മീഷൻ എക്‌സ് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു.