കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെ; എച്ച് ഡി ദേവഗൗഡ.

0
61

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെയെന്ന് എച്ച് ഡി ദേവഗൗഡ. പിണറായി പൂർണസമ്മതം നൽകി,ഇക്കാരണത്താലാണ് പിണറായി സർക്കാരിൽ ജെഡിഎസ് മന്ത്രിയുള്ളത്. ബിജെപി സഖ്യം പാർട്ടിയെ രക്ഷിക്കാനാണെന്ന് പിണറായിക്ക് ബോധ്യപ്പെട്ടു. സിഐ ഇബ്രഹാമിനെ പുറത്താക്കുന്നത് അറിയിച്ച വാർത്താ സമ്മേളനത്തിലാണ് എച്ച് ഡി ദേവഗൗഡയുടെ വെളിപ്പെടുത്തൽ.

തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.

അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യത്തിലാകുന്നത് എതിർത്ത ജെ.ഡി.എസ് കർണാടക അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ എച്ച്.ഡി. ദേവഗൗഡ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട ഗൗഡ തന്റെ മകൻ എച്ച്.ഡി. കുമാരസ്വാമിയെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചു.

ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ ശക്തമായി എതിർത്ത സി.എം. ഇബ്രാഹിം പാർട്ടിയിൽ ‘സമാന ചിന്താഗതി’ പുലർത്തുന്നവരുടെ യോഗം വിളിക്കുകയും താൻ നയിക്കുന്നതാണ് യഥാർഥ പാർട്ടിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

 

LEAVE A REPLY

Please enter your comment!
Please enter your name here