തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന. ബാങ്കിലും ബാങ്കിലെ രണ്ട് സെക്രട്ടറിമാരുടെ വീടുകളിലുമാണ് രാവിലെ 6 മുതൽ പത്തംഗ സംഘം പരിശോധന നടത്തുന്നത്. ബാങ്കിൽ കോടികളുടെ നിക്ഷേപ ക്രമക്കേട് നടന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ നടപടി.
സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണസമിതിക്കെതിരെയാണ് പരാതി. പരാതിയെ തുടർന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് സംഘം എത്തിയത് അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളും ഇ ഡി പരിശോധിക്കും. ഇ ഡിയുടെ പത്തംഗ സംഘമാണ് പരിശോധന നടത്തുന്നത്.
ഭാസുരാംഗന്റെ പൂജപ്പുരയിലെ മകൻ്റെ വീട്ടിലും കാട്ടാക്കട അഞ്ചുതെങ്ങിൻമൂട് മുൻ സെക്രട്ടറി ശാന്തകുമാരിയുടെ വീട്ടിലും പേരൂർക്കടയിൽ ഉള്ള മുൻ സെക്രട്ടറിയുടെ വീട്ടിലും പരിശോധ നടക്കുന്നുണ്ട്. പല ടീമുകളായി ആണ് പരിശോധന.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ കേസിൽ അന്വേഷണം കൂടുതൽ സിപിഎം നേതാക്കളിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് നോട്ടിസ് അയച്ചു. ഈ മാസം 25ന് ഹാജരാകാനാണ് നോട്ടീസ്.
ബാങ്കിലെ ബെനാമി ലോണുകൾ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു. പാർലമെന്ററി കമ്മിറ്റികൾ പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നതായും മൊഴിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി നോട്ടിസ് അയച്ചതെന്നാണ് വിവരം.