ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണഫ്രിക്കക്കായി 116 പന്തില്‍ 114 റണ്‍സെടുത്ത ഡി കോക്ക് ഈ ലോകകപ്പില്‍ കളിച്ച ഏഴ് ഇന്നിംഗ്ലുകളില്‍ നിന്ന് നാലാം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. ഈ ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡി കോക്ക് തന്‍റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കുമ്പോള്‍ ഒറു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് കൂടിയാണ് ഭീഷണി നേരിടുന്നത്.2019ലെ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത്തിന്‍റെ റെക്കോര്‍ഡ് ഒരു സെഞ്ചുറി മാത്രം അകലെയാണ് ഡി കോക്ക് ഇപ്പോള്‍.
നാല് സെഞ്ചുറികള്‍ നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും ഇന്ന് ഡി കോക്കിനായി. ലീഗ് റൗണ്ടില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കക്കുണ്ട്. സെമി ഫൈനല്‍ സ്ഥാനം ഏതാണ്ട് ഉറപ്പിച്ചതിനാല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയെങ്കിലും നേടാനായാല്‍ ഡി കോക്കിന് രോഹിത്തിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താം. രണ്ട് സെഞ്ചുറികള്‍ നേടിയാല്‍ രോഹിത്തിനെ മറികടന്ന് ഒന്നാമനുമാവാം.ഇന്ന് സെഞ്ചുറി നേടിയതോടെ ദക്ഷിണാഫ്രിക്കക്കായി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ താരങ്ങളില്‍ മൂന്നാമത് എത്താനും ഡി കോക്കിനായി. ഹാഷിം അംല(27), എ ബി ഡിവില്ലിയേഴ്സ് എന്നിവര്‍ മാത്രമാണ് ഡി കോക്കിന് മുന്നിലുള്ളവര്‍. ജിമ്മി നീഷാമിനെ ലോംഗ് ലെഗിന് മുകളിലൂടെ സിക്സിന് പറത്തിയാണ് ഡി കോക്ക് 103 പന്തില്‍ സെഞ്ചുറിയിലെത്തിയത്.