തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡിപ്പോകളും, ബസുകളും മാലിന്യമുക്തമാകാൻ ചർച്ച . ഡിപ്പോകളിൽ മാലിന്യസംസ്കരണത്തിനും, മലിന ജലശുദ്ധീകരണത്തിനും പ്ലാന്റ് സ്ഥാപിക്കും.‘മാലിന്യമുക്ത നവകേരളം’ പരിപാടിയുടെ ഭാഗമായാണ് നടപടി. മന്ത്രിമാരായ എം.ബി. രാജേഷിന്റെയും, കെ.ബി. ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചർച്ചയും, തീരുമാനവും.
കെ.എസ്.ആർ.ടി.സി. ബസുകളിൽ മാലിന്യമിടാൻ വേസ്റ്റ് ബിൻ , കൂടാതെ . ‘മാലിന്യം വലിച്ചെറിയരുത്’ എന്ന ബോർഡും സ്ഥാപിക്കും. ഡിപ്പോകളിൽ, വേസ്റ്റ് ബിന്നുകളും, മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. തദ്ദേശസ്വയംഭരണവകുപ്പിന്റെ സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.
തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രധാന ഡിപ്പോകളിൽ ഇ.ടി.പി.കൾ (എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. മൊബൈൽ ഇ.ടി.പി.യുടെ ലഭ്യതയും തേടും. വാഹനം കഴുകുന്ന വെള്ളം ശുദ്ധീകരിച്ച് പുനരുപയോഗിക്കാനുള്ള സാധ്യതതേടാനും മന്ത്രിമാർ നിർദേശിച്ചു. ഡിപ്പോകളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും യോഗം ചർച്ചചെയ്തു.
കെ.എസ്.ആർ.ടി.സി. നിർദേശിക്കുന്ന സ്ഥലത്ത് തദ്ദേശസ്ഥാപനങ്ങൾ, ശൗചാലയങ്ങൾ നിർമിച്ചുനൽകും. ഡിപ്പോകളിലെ മലിനജലം ശുദ്ധീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഭൂഗർഭ എസ്.ടി.പി.കളും മൊബൈൽ എസ്.ടി.പി.കളും ലഭ്യമാക്കും.
ഡിപ്പോകൾക്ക് മാലിന്യസംസ്കരണ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിങ് നൽകും. 93 ഡിപ്പോകളിൽ 69 ഇടത്ത് കെ.എസ്.ആർ.ടി.സി.യും ശുചിത്വമിഷനും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. ബാക്കി ഡിപ്പോകളിലും ഉടൻ പരിശോധന പൂർത്തിയാക്കും. ഡിസംബർ 20-നകം ഓരോ ഡിപ്പോയിലും നടപ്പാക്കാനാവുന്ന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാൻ കെ.എസ്.ആർ.ടി.സി.യെയും, ശുചിത്വമിഷനെയും, മന്ത്രിമാർ ചുമതലപ്പെടുത്തി.