ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലിക്. ഇവർ നോർത്തേൺ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. താൻ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും സർക്കാർ ജോലിയിൽ തിരിച്ചെത്തുക മാത്രമാണ് ചെയ്തതെന്നും സാക്ഷി മാലിക് ട്വീറ്റ് ചെയ്തു.
ലൈംഗിക ആരോപണ വിധേയനായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്തിക്കാർ സമരം നടത്തുന്നത്. പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായതോടെ ശനിയാഴ്ച ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ യോഗം ചേർന്നിരുന്നു. രാത്രി വരെ നീണ്ടുനിന്ന ചർച്ചക്കൊടുവിൽ തീരുമനമാകാതെയാണ് താരങ്ങൾ പിരിഞ്ഞുപോയത്.