റിപ്പബ്ലിക്ദിന പരേഡില്‍ കൈയടി നേടി കേരളത്തിന്‍റെ പെൺകരുത്ത്;

0
64

ന്യൂഡല്‍ഹി: കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ കൈയ്യടി നേടി കേരളത്തിന്‍റെ ടാബ്ലോ. സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുൻനിർത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്‍റെ ടാബ്ലോയിലെ ശ്രദ്ധകേന്ദ്രം. നഞ്ചിയമ്മ പാടി അനശ്വരമാക്കിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലക്കാത്ത’ എന്ന ഗാനമാണ് പശ്ചാത്തലത്തില്‍ മുഴങ്ങിയത്. സ്ത്രീശക്തി പ്രമേയമാക്കിയ ടാബ്ലോയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നിറഞ്ഞ കൈയ്യടി നല്‍കി.

അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ ന‍ൃത്തം,  ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവയും ടാബ്ലോയുടെ മാറ്റുകൂട്ടി. ബേപ്പൂര്‍ ഉരുവിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ച ടാബ്ലോയില്‍ സ്ലേറ്റില്‍ അക്ഷരം എഴുതുന്ന കാര്‍ത്ത്യായനി അമ്മയും ദേശീയ പതാകയേന്തിയ നഞ്ചിയമ്മയുടെയും ശില്‍പങ്ങളുടെയും സാന്നിദ്ധ്യം നവ്യാനുഭവമായി.

കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നീവിടങ്ങളിൽ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. കുടുംബശ്രീ അംഗങ്ങളാണ് ഇവർ. സ്വയംതൊഴിൽ പദ്ധതിയുടെ ഭാഗമായാണ് ഇവർ ശിങ്കാരിമേളം പഠിക്കാൻ ആരംഭിച്ചത്.

പെൺ കരുത്ത് വിളിച്ചോതിയ ടാബ്ലോയില്‍‌  കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുള വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ത്രീകളാണ് ഗോത്ര പാരമ്പര്യം നിറഞ്ഞ ചുവടുകളുമായി രാജ്യത്തിന്റെ ശ്രദ്ധ നേടിയത്. ആദ്യമായാണ് ഗോത്ര നൃത്തം കേരളം ടാബ്ലോയില്‍ ഉള്‍പ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here