പത്തനംതിട്ട: ചിറ്റാറില്‍ തെളിവെടുപ്പിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസില്‍ കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും. വനം വകുപ്പ് ജീവനക്കാരുടെ ഫോൺ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.
സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വനത്തിൽ അനധികൃതമായി പ്രവേശിക്കുക, മൃഗവേട്ട എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണവും തെളിവെടുപ്പും ക്യാമറ മെമ്മറി കാർഡ് നഷ്ടമായ വിഷയത്തിലായിരുന്നു. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പ് അന്വേഷണ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടിരുന്നതെന്നും എന്നാൽ, ഇവിടെ അതുണ്ടായില്ലെന്നും അധികാര പരിധിക്ക് പുറത്ത് വനം വകുപ്പ് കടന്നതായും പൊലീസ് പറയുന്നു.