കൊച്ചി: കോവിഡ് ബാധിതരുടെ ഫോണ് കോൾ വിവരങ്ങൾ ശേഖരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഫോണ് കോൾ വിവരങ്ങളിൽ ടവർ ലൊക്കേഷൻ മാത്രമാണു പരിശോധിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിച്ചാണു ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി.
സർക്കാർ തീരുമാനത്തിൽ അപാകതയില്ലെന്നും ടവർ ലൊക്കേഷൻ മാത്രമാണു ശേഖരിക്കുന്നതെന്ന സർക്കാർ വാദം അംഗീകരിക്കുന്നതായും കോടതി പറഞ്ഞു. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സർക്കാർ നടപടിയിൽ തെറ്റില്ലെന്നും ബെഞ്ച് വിലയിരുത്തി
സമ്പർക്ക പട്ടിക തയാറാക്കാൻ ഇത്തരത്തിൽ വിവരശേഖരണം നടത്തുന്നതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ചാണു രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.