ആയുർവേദ വിധി പ്രകാരം വിരുദ്ധാഹാരങ്ങള്‍ കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്

0
188

നാം കഴിക്കുന്ന ആഹാരങ്ങളിൽ ഏതെങ്കിലും ഒന്ന് ഉള്ളിലെത്തി, വാതം, പിത്തം, കഫം, എന്നീ മൂന്നു ദോഷങ്ങളെയും ഇളക്കി കോപിപ്പിച്ച് പല തരത്തിലുള്ള, രോഗങ്ങൾക്ക് കരണമാവുകയാണെങ്കിൽ, അതിനെ വിരുദ്ധാഹാരം എന്നു പറയുന്നു. ഇത്തരം വിരുദ്ധാഹാരങ്ങൾ വിഷത്തിനു തുല്യമായ രോഗങ്ങൾക്കോ , മരണത്തിനു തന്നെയോ കാരണമായേക്കാം.

മനുഷ്യ ജീവന്റെയും, ജീവനുള്ള ഏതൊരു വസ്തുവിന്റെയും, അടിസ്ഥാനാവശ്യങ്ങളില്‍ മുഖ്യമായത് ഭക്ഷണം തന്നെയാണ് . ഇന്ന് മനുഷ്യ പുരോഗതിക്കനുസരിച്ച് ഭക്ഷണശീലങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഭക്ഷണത്തിലൂടെ കിട്ടുന്ന ഊര്‍ജവും, പോഷണങ്ങളുമാണ് നമ്മുടെ ശരീരത്തെ ഉറപ്പിച്ചു നിര്‍ത്തുന്നത്. ആരോഗ്യവും, ആരോഗ്യമില്ലായ്മയും ഉണ്ടാക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍നിന്നാണ്. ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നിലനിര്‍ത്താന്‍ നാം ആഹാരം കഴിച്ചേ മതിയാവൂ.

എന്നാൽ ആയുർവേദ വിധിപ്രകാരം, ചില ആഹാരവസ്തുക്കൾ തമ്മിൽ ചേരുമ്പോൾ പ്രത്യേക പ്രതിപ്രവർത്തനങ്ങളാൽ വിഷസ്വഭാവം ഉള്ളതായിത്തീരുമെന്നും, അങ്ങനെയുള്ളവ ഉപായോഗിക്കാൻ പാടില്ലെന്നും നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ചെയ്താൽ, “സംയോഗവിരുദ്ധം” അല്ലെങ്കിൽ ദോഷകരമാകും എന്നർത്ഥം.

പലതരം ആഹാരങ്ങള്‍ കൂടിക്കലരുമ്പോഴോ, ഒന്നിച്ച് പാകം ചെയ്യുമ്പോഴോ അത് വിഷമായി ശരീരത്തിന് ഹാനികരമാവുകയും, ഇവ നമ്മുടെ രോഗപ്രതിരോധശേഷി നശിപ്പിക്കുകയും, ശരീര ധാതുക്കളുടെ ഗുണങ്ങളെ വിപരീതമാക്കുകയും ചെയ്യുന്നു. വയര്‍വീര്‍പ്പ്, വയറുവേദന, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, മന്ദത എന്നിവയാണ് ഇതിന്റെ അസ്വസ്ഥതകള്‍. വിഷമയമായ ഇവയെ ഛര്‍ദിച്ച് പുറത്തുകളയണം. നല്ല ദഹന ശേഷിയും, ആരോഗ്യവും ഉള്ളവര്‍ക്ക് വിരുദ്ധാഹാരങ്ങള്‍ ശരീരത്തിലേക്ക് എത്തിയാല്‍ പ്രശ്‌നങ്ങള്‍ വരില്ല. കോശങ്ങളുടെ പ്രവര്‍ത്തനത്തിന് മധ്യവയസ്സെത്തിയാൽ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുക.

ഒന്നിച്ചു കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

  • മീനും – മോരും, പാലും – പഴവും, പാലും – ഉഴുന്നുകൊണ്ടുള്ള പദാര്‍ഥങ്ങളും, ഒന്നിച്ചു കഴിക്കരുത്
  • മത്സ്യവും, മാംസവും ഒരുമിച്ചു കഴിക്കരുത്
  • പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്.
  • മത്സ്യം വറുത്ത പാത്രത്തില്‍ മറ്റു വിഭവങ്ങള്‍ പാകം ചെയ്യരുത്.
  • കോഴി ഇറച്ചിയുടെ കൂടെ തൈര്, തൈരു ചേര്‍ത്ത വിഭവങ്ങള്‍ (സാലഡ്) ഇവ പാടില്ല.
  • തേന്‍ ചൂടാക്കി കഴിക്കരുത്.
  • നിലക്കടല കഴിച്ചാലുടനെ വെള്ളം കുടിക്കരുത്.
  • കടുകെണ്ണയില്‍ കൂണ്‍ പാകം ചെയ്യരുത്.
  • തേനും, നെയ്യും, തേൻ വെള്ളവും തുല്യ അളവില്‍ ഉപയോഗിക്കരുത്.
  • ഉഴുന്ന്, തേൻ, പൽ, കാബേജ്, പയർ, ചീര, എന്നിവ ശർക്കര ചേർത്തുപയോഗിക്കരുത്
  • തൈരും, മോരും, ചൂടുള്ള ആഹാരത്തോടു ചേർത്ത് ഉപയോഗിക്കരുത്.
  • തണുത്ത വെള്ളവും, ചൂട് വെള്ളവും, കൂടി കലർത്തി ഉപയോഗിക്കുന്നത് ഹാനികരമാണ്.
  • തേൻ , ചൂട് വെള്ളത്തോടൊപ്പമോ, ചൂടുള്ള വസ്തുക്കളോടൊപ്പമോ ചേർത്ത് ഉപയോഗിച്ചാൽ ശരീരത്തിന് ദോഷം ചെയ്യും.
  • അമിതമായ അളവിൽ കഴിക്കുന്ന ആഹാരവും, ദഹിക്കാൻ വിഷമമുള്ള ആഹാരവും, ശരീരത്തെ സംബന്ധിച്ചിടത്തോളം വിഷതുല്യം തന്നെയാണ്.
  • ഫാസ്റ്റ് ഫുഡില്‍ രുചി വര്‍ധിപ്പിക്കാന്‍ അജിനൊമോട്ടോ ഉപയോഗിക്കുന്നത് നമ്മുടെ രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. അജിനൊമോട്ടോ ഭക്ഷണത്തില്‍ ചേര്‍ത്തിരുന്നാല്‍, ഭക്ഷണം പഴകിയതാണെങ്കിലും അറിയുകയില്ല.

മോരും, മീനും, കോഴി ഇറച്ചിയും, തൈരും കലര്‍ത്തി ഉപയോഗിച്ചാല്‍ സോറിയാസിസ് (Psoriasis) എന്ന ചര്‍മ രോഗം വരുമെന്നും, പൊണ്ണത്തടി ഉണ്ടാക്കുമെന്നും കണ്ടുപിടിച്ചുകഴിഞ്ഞു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശരിയായി അനുഷ്ഠിക്കാത്ത പക്ഷം ധാരാളം രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ത്വക്ക് രോഗങ്ങള്‍, ബലക്ഷയം, പലതരം അലര്‍ജികള്‍, ഓര്‍മ്മക്കുറവ് എന്നിവ പെട്ടെന്നും, മറ്റു ചിലപ്പോള്‍,  വളരെ കാലങ്ങള്‍ക്കു ശേഷം മാരകമായ കാന്‍സര്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാനും സാധ്യതയുണ്ട്.

വിരുദ്ധാഹാരങ്ങള്‍ കഴിക്കുമ്പോള്‍ വലിയ അളവില്‍ ഉണ്ടാവുന്ന ഫ്രീറാഡിക്കലുകളാണ് രാസപ്രവര്‍ത്തനങ്ങളിലൂടെ ശരീര കോശത്തിനകത്ത് ഉള്ള മറ്റു ഘടകങ്ങളുമായി (DNA, RNA, Protein, Fatty Acids) യോജിച്ച് പലതരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് നമ്മുടെ ആഹാരത്തില്‍ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തണം.

എന്നിരുന്നാലും, യഥാവിധി വ്യായാമം ചെയ്യുന്നവരും, നല്ല ദഹനശക്തി ഉള്ളവരുമായ യുവാക്കൾക്ക് ഇത്തരം വിരുദ്ധാഹാരങ്ങൾ വലിയ ദോഷം ചെയ്തില്ലെന്ന് വരാം. പ്രതിരോധ ശേഷി കുറഞ്ഞവരും, കുട്ടികളും, വൃദ്ധരും, മുലയൂട്ടുന്നവരും, ഇത്തരം വിരുദ്ധാഹാരങ്ങൾ ഭക്ഷിക്കുന്നതിൽ ശ്രദ്ധിക്കുക.

പരമ്പരാഗത പാചക രീതികളിൽ നിന്നും വ്യതിചലിക്കാതിരിക്കുന്നതാണ് നല്ലത്.

LEAVE A REPLY

Please enter your comment!
Please enter your name here