ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്ബാമ്ബ് ആരോഗ്യം വീണ്ടെടുത്തു കാഞ്ഞങ്ങാട്: വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയ പെരുമ്ബാമ്ബ് പൂര്‍ണ സുഖം പ്രാപിച്ചു.
കഴിഞ്ഞയാഴ്ച പള്ളിക്കരയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ പെരുമ്ബാമ്ബാണ് ആരോഗ്യം വീണ്ടെടുത്തത്. ഫോറസ്റ്റ് സെക്ഷൻ ഓഫിസര്‍ എ.പി. ശ്രീജിത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂന്ന് ദിവസത്തോളം കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫിസില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
മുറിവുണങ്ങി ഇര പിടിക്കാൻ പ്രാപ്തിയായതോടെ പാമ്ബിനെ കാട്ടില്‍ വിട്ടു. വാഹനമിടിച്ച് സാരമായി പരിക്കേറ്റ പെരുമ്ബാമ്ബിനെ ഹോസ്ദുര്‍ഗ് ഗവ. മൃഗാശുപത്രിയില്‍ എത്തിച്ച് ഡോ. നിതിഷ്, വെറ്ററനറി സര്‍ജന്‍മാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം സമയമെടുത്ത് മുറിവുകള്‍ വൃത്തിയാക്കി തുന്നിച്ചേര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പാമ്ബിനെ വനംവകുപ്പ് ഏറ്റെടുത്തത്. 13 കിലോയോളം തൂക്കം വരുന്ന പെരുമ്ബാമ്ബിന് രണ്ട് വയസ്സുണ്ട്. ജില്ലയിലെ തന്നെ വനത്തിലാണ് പാമ്ബിനെ വിട്ടത്.