World Cup 2023: ടോസ് സൗത്താഫ്രിക്കയ്ക്ക്, ഓസീസിനെതിരേ ആദ്യം ബാറ്റ് ചെയ്യും

0
81

കൊല്‍ക്കത്ത: ഏകദിന ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഒമ്പത് മത്സരത്തില്‍ ഏഴിലും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക സെമിയിലേക്കെത്തിയിരിക്കുന്നത്. ഇന്ത്യയോടും നെതര്‍ലന്‍ഡ്സിനോടുമാണ് ദക്ഷിണാഫ്രിക്ക തോറ്റത്. ഓസ്ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റാണ് തുടങ്ങിയതെങ്കിലും പിന്നീട് തുടര്‍ ജയങ്ങളുമായി മൂന്നാം സ്ഥാനക്കാരായാണ് ഓസ്ട്രേലിയ സെമിയിലെത്തിയത്.ദക്ഷിണാഫ്രിക്ക ഇത്തവണ കന്നി കിരീട പ്രതീക്ഷയിലാണ്. നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് ദക്ഷിണാഫ്രിക്ക.

നോക്കൗട്ട് മത്സരങ്ങളില്‍ എല്ലാ തവണയും കളി മറന്നാണ് ദക്ഷിണാഫ്രിക്ക ശീലം. അതുകൊണ്ടുതന്നെ ഇത്തവണ ഈ ചീത്തപ്പേര് മായ്ക്കാനുറച്ചാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ക്വിന്റന്‍ ഡീകോക്ക്, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ഹെന്‍ റിച്ച് ക്ലാസന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ദക്ഷിണാഫ്രിക്കയുടേത്.ബൗളിങ്ങില്‍ കഗിസോ റബാഡ, ലൂങ്കി എന്‍ഗിഡി, ജെറാള്‍ഡ് കോയിറ്റ്സി എന്നിവര്‍ മിന്നിക്കുന്നു. സ്പിന്‍ നിരയില്‍ കേശവ് മഹാരാജും തബ്രൈസ് ഷംസിയുമുണ്ട്. ഇത്തവണ സംതുലിതമായ പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. ഓസീസും നിസാരക്കാരുടെ നിരയല്ല.

പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ട്രവിസ് ഹെഡ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് കരുത്ത്. സ്റ്റീവ് സ്മിത്ത് നങ്കൂരമിടുമ്പോള്‍ മധ്യനിരയില്‍ തല്ലിത്തകര്‍ക്കാന്‍ ഗ്ലെന്‍ മാക്സ്വെല്ലുമുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ഇന്‍ഗ്ലിസിന്റെയും മാര്‍ക്കസ് സ്റ്റോയിണിസിന്റെയും മോശം ബാറ്റിങ് ഫോമാണ് ഓസീസിന്റെ പ്രശ്നം. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഫോമിലേക്കെത്തേണ്ടതും ഓസ്ട്രേലിയയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here