ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ബാബർ അസം. ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിൻവാങ്ങുന്നതായി അസം അറിയിച്ചു.ലോകകപ്പിൽ സെമി കാണാതെയായിരുന്നു പാക് ടീമിന്റെ മടക്കം. ഇതിനെതുടർന്ന് വൻ വിമർശനമാണ് ക്യാപ്റ്റനായ ബാബർ അസം നേരിട്ടത്. കഠിനമായ തീരുമാനമാണെങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അസം കുറിച്ചു.
“2019 ൽ പാക് ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റതിനു ശേഷം ക്രീസിനകത്തും പുറത്തും പല ഉയർച്ചകളും താഴ്ച്ചകളും നേരിട്ടിട്ടുണ്ട്. എന്നാൽ എപ്പോഴും പാക്കിസ്ഥാന്റെ അഭിമാനം ഉയർത്തിപ്പിടിക്കാനായിരുന്നു ലക്ഷ്യം. ടെസ്റ്റ് ക്രിക്കറ്റിൽ ടീമിന് ഒന്നാം റാങ്ക് നേടാനായത് ടീം അംഗങ്ങളുടേയും പരിശീലകരുടേയും മാനേജ്മെന്റിന്റേയും കൂട്ടായ ശ്രമഫലമായാണ്. അതിനൊപ്പം ആരാധകരുടെ നിരന്തരമായ പിന്തുണയ്ക്കും നന്ദി പറയുന്നു.നായക സ്ഥാനത്തു നിന്ന് മാറി നില്ക്കാനുള്ള തീരുമാനം കഠിനമേറിയതാണെങ്കിലും അതിനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു.ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും പാകിസ്ഥാനു വേണ്ടിയുള്ള തന്റെ പ്രകടനം തുടരും. പുതിയ ക്യാപ്റ്റനും ടീമിനും തന്റെ എല്ലാ പിന്തുണയുമുണ്ടാകും. വലിയ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിക്കുന്നു.”