നെതര്‍ലാന്‍ഡ്‌സിനെ തകര്‍ത്ത് ഫ്രാന്‍സ്

0
60

പാരിസ്: നായകനെന്ന നിലയല്‍ ആദ്യ മത്സരം ഗംഭീരമാക്കി കിലിയന്‍ എംബാപ്പെ. യൂറോകപ്പ് യോഗ്യതാ മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് തോല്‍പിച്ചത്.

എംബാപ്പെ ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ അന്റോണിയോ ഗ്രീസ്മാന്‍, ദയോത് ഉപമേകാനോ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ആദ്യ വിസില്‍ മുഴങ്ങി രണ്ടാം മിനുറ്റില്‍ തന്നെ ഫ്രാന്‍സിനെ ഗ്രീസ്മാന്‍ മുന്നിലെത്തിച്ചു.

എംബാപ്പയുടെ പാസില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. നായകപദവി നഷ്ടമായതിന്റെ പിണക്കമൊന്നും ഗ്രീസ്മാനില്ലായിരുന്നു. മുന്‍നായകന് പുതിയ നായകന്റെ പാസ്, അതിലൊരു സുന്ദരഗോളും. ഫലമോ രണ്ടാം മിനുറ്റില്‍ ഫ്രാന്‍സ് മുന്നില്‍.

ആറ് മിനുറ്റുകള്‍ക്കപ്പുറം ഉപമേകാനോ ലീഡ് ഉയര്‍ത്തി. ആദ്യ പത്ത് മിനുറ്റില്‍ വീണ രണ്ട് ഗോളുകളില്‍ നെതര്‍ലാന്‍ഡ്‌സ് വിറച്ചതാടെ ഫ്രാന്‍സിന് കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമായി. അതിനിടയിലാണ് എംബാപ്പെ നെതര്‍ലാന്‍ഡ്‌സിന്റെ വലകുലുക്കുന്നത്. 22ാം മിനുറ്റില്‍ എംബാപ്പയുടെ മനോഹര ഫിനിഷിങ്. ഫ്രാന്‍സ് ജെഴ്‌സിയില്‍ എംബാപ്പയുടെ 37ാം ഗോളായിരുന്നു അത്. പന്തവകാശത്തില്‍ നെതര്‍ലാന്‍ഡ്‌സാണ് മുന്നിട്ട് നിന്നതെങ്കിലും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങളാകട്ടെ മുതലാക്കാനുമായില്ല.

പതിനൊന്നോളം ഷോട്ടുകളാണ് നെതര്‍ലാന്‍ഡ്‌സ് ഉതിര്‍ത്തത്. ലക്ഷ്യത്തിലേക്ക് അഞ്ചെണ്ണം തൊടുത്തെങ്കിലും ഒന്നും ഗോള്‍കീപ്പറെ കീഴ്‌പ്പെടുത്താനായില്ല. അതിനിടെ ലഭിച്ച പെനല്‍റ്റികിക്ക് ലക്ഷ്യത്തിലെത്തിക്കാനും ഡച്ച്‌ പടക്കായില്ല. മെംഫിസ് ഡിപായ് ആയിരുന്നു നെതര്‍ലാന്‍ഡ്‌സിനായി കിക്ക് എടുത്തത്. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഫ്രാന്‍സ് താരത്തിന്റെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റഫറി പെനല്‍റ്റി വിധിച്ചത്. എന്നാല്‍ മെംഫിസ് തൊടുത്ത കിക്ക് ഫ്രാന്‍സ് ഗോള്‍കീപ്പര്‍ മൈക്ക് മെഗ്നാന്‍ അതിവിദഗ്ധമായി തട്ടിമാറ്റുകയായിരുന്നു. അതേസമയം തൊടുത്ത എട്ട് ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലെത്തിച്ച്‌ ഫ്രാന്‍സ് വമ്ബ് കാട്ടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here