ഭിന്നശേഷി സംവരണം: എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ക്ക് താല്‍ക്കാലിക അംഗീകാരം

0
65

തിരുവനന്തപുരം: ഭിന്നശേഷി സംവരണ പ്രശ്നത്തില്‍ എയ്ഡഡ് സ്കൂളുകളില്‍ നിയമനാംഗീകാരം തടയപ്പെട്ടവര്‍ക്ക് വ്യവസ്ഥകളോടെ താല്‍ക്കാലിക നിയമനാംഗീകാരത്തിന് സര്‍ക്കാര്‍ ഉത്തരവ്.

ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. മുന്‍കാല നിയമനങ്ങളിലെ ഭിന്നശേഷി സംവരണക്കുറവ് വ്യക്തമാക്കി ‘സമന്വയ’ പോര്‍ട്ടല്‍ വഴി തയാറാക്കിയ റോസ്റ്റര്‍ പ്രകാരം എയ്ഡഡ് സ്കൂളുകള്‍ ഭിന്നശേഷി നിയമനത്തിനാവശ്യമായ ഒഴിവുകള്‍ മാറ്റിവെക്കണം. യോഗ്യരായ ഭിന്നശേഷിക്കാരെ ലഭിക്കുന്ന മുറക്ക് ഈ ഒഴിവുകളില്‍ നിയമിക്കണം.

2018 നവംബര്‍ 18 മുതലുള്ള ഒഴിവുകളില്‍ നിയമനാംഗീകാരമില്ലാതെ തുടരുന്നവരെ മാറ്റിയാണ് ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കേണ്ടത്. ഭിന്നശേഷിക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെ അവര്‍ക്കുള്ള ഒഴിവില്‍ തുടരുന്ന അധ്യാപകര്‍ക്ക് മറ്റ് യോഗ്യതകളുണ്ടെങ്കില്‍ താല്‍ക്കാലിക ഒഴിവായി കണക്കാക്കി ശമ്ബള സ്കെയിലില്‍ അലവന്‍സ് സഹിതം നിയമനാംഗീകാരം നല്‍കണം. ഇവരുടെ പ്രബേഷന്‍ പ്രഖ്യാപിക്കാനോ വാര്‍ഷിക ഇന്‍ക്രിമെന്‍റ് അനുവദിക്കാനോ പാടില്ല. ഇവരുടെ നിയമനാംഗീകാരത്തിന് ഭിന്നശേഷി ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല.

ഭിന്നശേഷി ഉദ്യോഗാര്‍ഥിയെ ആവശ്യപ്പെട്ട് മാനേജര്‍ എംപ്ലോയ്മെന്‍റ് ഓഫിസര്‍ക്ക് അയച്ച അപേക്ഷ ഫോറത്തിന്‍റെ പകര്‍പ്പ് ലഭ്യമായാല്‍ താല്‍ക്കാലിക ഒഴിവില്‍ നിയമിക്കപ്പെട്ടവര്‍ക്ക് നിയമനാംഗീകാരം നല്‍കാം. ഭിന്നശേഷി ഉദ്യോഗാര്‍ഥി ജോലിയില്‍ പ്രവേശിക്കുന്ന തീയതിവരെയായിരിക്കണം ഇവര്‍ക്ക് നിയമനാംഗീകാരം.

ഭിന്നശേഷി സംവരണത്തിന് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയ 2018 നവംബര്‍ 18 മുതല്‍ സംവരണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയ 2021 നവംബര്‍ ഏഴു വരെയുണ്ടായ ഒഴിവുകളില്‍, ഈ തീയതിക്കുശേഷം നിയമിക്കപ്പെട്ടവരാണെങ്കിലും താല്‍ക്കാലിക നിയമനാംഗീകാരത്തിന് അര്‍ഹരായിരിക്കും. ഭിന്നശേഷി ഉദ്യോഗാര്‍ഥിയെ ആവശ്യപ്പെട്ട് മാനേജര്‍ എംപ്ലോയ്മെന്‍റ് ഓഫിസര്‍ക്ക് നല്‍കിയ ഫോറത്തിന്‍റെ പകര്‍പ്പും മാറ്റിവെച്ച ഒഴിവിന്‍റെ വിവരങ്ങളുമടങ്ങിയ റിപ്പോര്‍ട്ടും വിദ്യാഭ്യാസ ഓഫിസര്‍ക്ക് സമര്‍പ്പിക്കണം.

എംപ്ലോയ്മെന്‍റ് ഓഫിസര്‍ക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ മാത്രമേ താല്‍ക്കാലിക നിയമനാംഗീകാരം നല്‍കൂ. താല്‍ക്കാലിക നിയമനാംഗീകാരം ലഭിച്ചവരില്‍ ഭിന്നശേഷിക്കാര്‍ വരുന്നതുവഴി പുറത്തുപോകുന്നവര്‍ക്ക് അതേ സ്കൂളില്‍/അതേ മാനേജ്മെന്‍റ് കീഴിലെ മറ്റ് സ്കൂളുകളില്‍ പിന്നീടുള്ള ഒഴിവില്‍ പുനര്‍നിയമനത്തിന് കെ.ഇ.ആര്‍ പ്രകാരം അവകാശമുണ്ടാകും.റോസ്റ്റര്‍ പ്രകാരം ഭിന്നശേഷി നിയമനത്തിന് ഒഴിവുകള്‍ മാറ്റിവെച്ച്‌ മാനേജര്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍, നിജസ്ഥിതി ഉറപ്പുവരുത്തി 2018 നവംബര്‍ 18 മുതല്‍ നടത്തിയ മറ്റ് നിയമനങ്ങള്‍ നിയമന തീയതി മുതല്‍ താല്‍ക്കാലികമായി അംഗീകരിച്ച്‌ ശമ്ബളവും ആനുകൂല്യങ്ങളും നല്‍കണം.

ഭിന്നശേഷി സംവരണക്കുറവ് പരിഹരിച്ച്‌ മാനേജര്‍ നിയമനം നല്‍കിയാല്‍ അംഗീകാരം ലഭിക്കുന്ന മുറക്ക് ഈ കാറ്റഗറിയില്‍ താല്‍ക്കാലികമായി തുടരുന്ന മറ്റ് നിയമനങ്ങള്‍ പരിശോധിച്ച്‌ നിയമന തീയതി മുതല്‍ വിദ്യാഭ്യാസ ഓഫിസര്‍ക്ക് സ്ഥിരപ്പെടുത്താം. സര്‍ക്കാര്‍ ഉത്തരവിലെ നടപടികള്‍ പാലിച്ചിട്ടും സംവരണ നിയമനത്തിന് ഭിന്നശേഷിക്കാരെ ലഭിക്കുന്നില്ലെങ്കില്‍ താല്‍ക്കാലിക നിയമനാംഗീകാരത്തില്‍ തുടരുന്നയാളെ 2018 നവംബര്‍ 18ന് ശേഷമുള്ള നിയമന തീയതി മുതല്‍ സ്ഥിരപ്പെടുത്താം.ഭിന്നശേഷി സംവരണക്കുറവ് (ബാക്ക്ലോഗ്) വ്യക്തമാക്കുന്ന റോസ്റ്റര്‍ സമര്‍പ്പിക്കാത്ത മാനേജ്മെന്‍റുകളുടെ നിയമനത്തിന് അംഗീകാരം നല്‍കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here