സമുദ്രത്തിന്റെ സംഗീതം കേട്ടിട്ടുണ്ടോ. തിരയടിക്കുന്ന ശബ്ദമല്ല കേട്ടോ. ഇത് ശരിക്കും സമുദ്രത്തിൽനിന്നുള്ള സംഗീതമാണ്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് (NASA) കൗതുകകരമായ ഈ സംഗീതത്തെ ലോകത്തിനുമുന്നിലെത്തിച്ചത്. നാസയുടെ ഗോഡ്ഡാർഡ് ബഹിരാകാശ പറക്കൽ കേന്ദ്രത്തിലെ (The Goddard Space Flight Center ) ഗവേഷകനായ റയൻ വാൻഡർമീലൻ അദ്ദേഹത്തിന്റെ സഹോദരനും കംപ്യൂട്ടർ പ്രോഗ്രാമറുമായ ജോൺ വാൻഡർമീലൻ എന്നിവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്. സമുദ്രത്തിന്റെ ഒഴുക്കിലും ചലനത്തിലുമൊക്കെ സംഗീതം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇവർ തിരിച്ചറിഞ്ഞു.
സൗത്ത് അമേരിക്കയിലെ അഴിമുഖമായ റിയോ ദി ലാ പ്ലാറ്റയിൽ (Riío de la Plata) നടത്തിയ പ്രാരംഭപരീക്ഷണം വിജയകരമായിരുന്നു. ഇതേത്തുടർന്ന് റയൻ പസഫിക് സമുദ്രത്തിലുള്ള ബെറിങ് സീ (Bering Sea ) എന്ന കടലിലെ വെള്ളത്തിലുണ്ടാകുന്ന വൃത്താകാരത്തിലുള്ള ചലനത്തിന്റെ ഉപഗ്രഹചിത്രങ്ങളെടുത്തു. ഉപഗ്രഹംവഴി കാണുന്ന സമുദ്രത്തിന്റെ ദൃശ്യങ്ങളിൽ, നിറങ്ങളുടെ വിന്യാസം തുടർച്ചയായി മാറുന്നതായി കണ്ടു.
ഉപഗ്രഹചിത്രങ്ങൾ നോക്കി സമുദ്രജലത്തിന്റെ ഒഴുക്കിനനുസരിച്ച് അതിൽനിന്നുവരുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള ചാലുകളുടെ ചലനം ഇവർ പരിശോധിച്ചു. ഒരേ ദിശയിലും രീതിയിലുമല്ല അവ ചലിക്കുന്നതെന്ന് മനസ്സിലായി. ഇതിനെ കംപ്യൂട്ടർ ഡേറ്റയാക്കി മാറ്റി. ഈ ഡേറ്റയെ സംഗീതസ്വരങ്ങളും (Musical notes) കേൾക്കാവുന്ന ഡിജിറ്റൽ സംഗീതവുമായി (Digital music) മാറ്റുന്നതിനുള്ള ഒരു പ്രോഗ്രാമിന് ജോൺ വാൻഡർമീലൻ രൂപം നൽകി.
മൂന്ന് സംഗീതോപകരണങ്ങളുടെ ശബ്ദമാണ് ഇതിനുപയോഗിച്ചത്. ചലിക്കുമ്പോൾ കടലിൽനിന്ന് വരുന്ന നിറത്തിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും. ഇതിനനുസരിച്ച് ശബ്ദത്തിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഇവ കൂടിച്ചേർന്നപ്പോൾ ഹൃദയഹാരിയായ സംഗീതമാണുണ്ടായത്. ഇത് സൃഷ്ടിക്കാൻ ഒന്നരവർഷമെടുത്തു. 2022 ജൂൺ എട്ടിനാണ് നാസ ഇത് (oceanographic symphonic experience) പുറത്തുവിടുന്നത്. ലക്ഷക്കണക്കിന് ആളുകൾ സമുദ്രത്തിന്റെ സംഗീതം കേട്ടുകഴിഞ്ഞു