ഇടുക്കി: കോളേജ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ഇടുക്കി രാജമുടി മാർസ്ലീവ കോളേജിലെ ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് മരിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. അഭിജിത്തും കൂട്ടുകാരും ചേർന്ന് ചെറുതോണിക്ക് സമീപം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പുഴയുടെ ആഴമുള്ള ഭാഗത്ത് ഒഴുക്കിൽ പെടുകയായിരുന്നു.മറ്റ് വിദ്യാർത്ഥികൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാരും ഇടുക്കിയിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നാം വർഷ ജിയോളജി വിദ്യാർത്ഥിയായ അഭിജിത്ത് റാന്നി സ്വദേശിയാണ്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.