മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരെ പാക്കിസ്ഥാൻ ഇപ്പോഴും സംരക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനക്കെതിരെയും അദ്ദേഹം നിശിത വിമർശനം ഉന്നയിച്ചു. കൂട്ടക്കൊലയുടെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞപ്പോഴും അവരെ യുഎൻ ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെയും അമേരിക്കയുടെയും ശ്രമങ്ങളെ ചൈന തടഞ്ഞതും ജയശങ്കർ ചൂണ്ടിക്കാട്ടി.
മുംബൈ ആക്രമണത്തിന്റെ സൂത്രധാരർ ഇപ്പോഴും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും ചില രാഷ്ട്രീയ ഇടപെടലുകൾ കാരണം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുന്നതിൽ യുഎൻ സുരക്ഷാ കൗൺസിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിന് എത്രത്തോളം വില നൽകേണ്ടി വരുമെന്ന് മറ്റെല്ലാവരെക്കാളും ഇന്ത്യക്ക് മനസിലായതായും അദ്ദേഹം പറഞ്ഞു. യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിലിന്റെ (UNSC) തീവ്രവാദ വിരുദ്ധ സമിതി (Counter-Terrorism Committee (UNCTC) ) മീറ്റിംഗിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈ ആക്രമണത്തിലെ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവേർലി ഇരകളുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
തീവ്രവാദ ആവശ്യങ്ങൾക്കായി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് പ്രതിരോധിക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം. സോഷ്യൽ മീഡിയ, ഓൺലൈൻ പേയ്‌മെന്റുകൾ, യുഎവികൾ എന്നിവ പോലുള്ള പുതിയതും കൂടുതൽ നൂതനവുമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശക്തി പ്രാപിക്കുന്ന തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള വഴികളെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനായി യോഗത്തിന്റെ രണ്ടാം ഭാഗം ശനിയാഴ്ച ഡൽഹിയിൽ വെച്ചു നടക്കും.