‘നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട’; മറുപടിയുമായി ദിവ്യ എസ് അയ്യര്‍

0
5
Dr. Divya S. Iyer, in Pathanamthitta district magistrate office.

സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ.കെ രാഗേഷിനെ പുകഴ്ത്തിയുള്ള ദിവ്യ എസ് അയ്യരുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പിണറായി വിജയന് പാദസേവ ചെയ്യുന്ന ചില ഐഎഎസ് മഹതികളുടെ കൂട്ടത്തിലാണ് ദിവ്യ എന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. പോസ്റ്റിനെതിരെ സൈബര്‍ ആക്രമണവും ശക്തമായതോടെ മറുപടിയുമായി ദിവ്യ എസ്.അയ്യര്‍ രംഗത്തെത്തി. നന്മയുള്ളവരെക്കുറിച്ച് നാലാളോട് പറയാന്‍ പ്രയാസം വേണ്ട. ഒന്നര വര്‍ഷമായി താന്‍ നേരിടുന്ന വിമര്‍ശനത്തിന് കാരണം ഈ പ്രകൃതമെന്നും ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച വീഡിയോയില്‍ ദിവ്യ പറഞ്ഞു.

എല്ലാം ഈ അപ്പാ അമ്മ കാരണമാണെന്ന് ചിലപ്പോള്‍ പറയാന്‍ തോന്നും. കുട്ടിക്കാലത്ത് നല്ല വാക്കുകള്‍ മാത്രം പറയുക, നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക, ആരെയും അധിക്ഷേപിക്കരുത്, നാലാളുടെ മുന്നില്‍വെച്ച് ആരെയും അപമാനിക്കരുത്, നമ്മള്‍ കാരണം ഒരു മനുഷ്യനും വേദനിക്കരുത്, മുതിര്‍ന്നവരെ ആദരപൂര്‍വം നോക്കിക്കാണണം, ബഹുമാനപൂര്‍വം അവരോട് പെരുമാറണം എന്നീ കാര്യങ്ങള്‍ നമ്മുടെ നെഞ്ചിലേറുന്നതുവരെ പറഞ്ഞു മനസ്സിലാക്കി തരുകയും പ്രാവര്‍ത്തികമാക്കാനുള്ള നിരന്തര ശ്രമം അവരുടെ ജീവിതവഴിയില്‍ കാണുകയും ചെയ്തിട്ടുള്ള ബാല്യകാലമാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോഴും ആത്മാര്‍ഥമായി അത് പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. നമ്മളാരും എല്ലാം തികഞ്ഞവരും നിറഞ്ഞവരും അല്ല. നമുക്ക് ചുറ്റുമുള്ള വ്യക്തികളില്‍ എല്ലാവരിലും നന്മയുടെ വെളിച്ചം ഉണ്ടാകും. നമുക്ക് പഠിക്കാവുന്ന ഒരുപാട് ഗുണങ്ങള്‍ അവരിലൊക്കെ ഉണ്ടായിരിക്കം. അതൊക്കെ കണ്ടെത്തുക എന്നത് വലിയ പ്രയാസമേറിയ കാര്യമല്ല. കണ്ടെത്തുന്ന നന്മകള്‍ പരത്തുക എന്നതിനും പ്രയാസമില്ല. അത് നാലാളോട് പറയുക എന്നതിനും വല്യ പ്രയാസമൊന്നും ഉണ്ടാകേണ്ടതല്ല. കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഏറ്റവും രൂക്ഷമായ വാക്കുകളിലുള്ള വിമര്‍ശനവും കയ്പേറിയ ചില പ്രതികരണങ്ങളുമൊക്കെ എനിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് എന്തിനാണെന്നോ, എന്റെ അനുഭവത്തിലൂടെ, ഉത്തമബോധ്യത്തില്‍, എന്റെ കാഴ്ചപ്പാടിലൂടെ ചില മനുഷ്യരില്‍ ഞാന്‍ കണ്ടെത്തിയ നന്മ എന്താണ്, അവരിലെ ഗുണം എന്താണ് എന്നത് ലോകത്തോട് വിളിച്ചുപറഞ്ഞു എന്ന ഒറ്റക്കാരണത്താലാണ്. എത്ര വിചിത്രമായ ലോകമാണെന്ന് എനിക്ക് ചിലപ്പോ ചിന്തിക്കേണ്ടി വരുന്നുണ്ട് – ദിവ്യ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here