ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു. ”മഴ പെയ്യാത്ത ഒരേയൊരു സ്ഥലമായതിനാല്‍ ഏഷ്യാ കപ്പ് യുഎഇയിലായിരിക്കും.” മുംബൈയില്‍ ബോര്‍ഡിന്റെ അപെക്‌സ് കൗണ്‍സില്‍ യോഗത്തിന് ശേഷം ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധി കാരണം ഏഷ്യാ കപ്പ് ടി20ക്ക് ആതിഥേയത്വം വഹിക്കാന്‍ ബോര്‍ഡിന് കഴിയില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് (എസ്എല്‍സി) ബുധനാഴ്ച ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ (എസിസി) അറിയിച്ചിരുന്നു. നിലവിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ലങ്ക പ്രീമിയര്‍ ലീഗിന്റെ (എല്‍പിഎല്‍) മൂന്നാം പതിപ്പ് എസ്എല്‍സി അടുത്തിടെ മാറ്റിവച്ചതിന് ശേഷമാണ് ഈ പ്രഖ്യാപനം.ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ നടക്കുന്ന ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലാണ് നടക്കുക. ഒക്ടോബര്‍ 1 മുതല്‍ 5 വരെ നടക്കുന്ന ഇറാനി കപ്പിന് ആതിഥേയത്വം വഹിക്കുന്നത് പരിഗണനയിലുണ്ടെന്നും ഗാംഗുലി പറഞ്ഞു.