ബാങ്കോക്കിലെ ടെർദ്തായ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച നടന്ന 2025 ഐസിസി വനിതാ ടി20 ലോകകപ്പ് ഏഷ്യ ക്വാളിഫയേഴ്സിൽ ഖത്തറിനെതിരായ മത്സരത്തിലായിരുന്നു യുഎഇ വനിതാ ക്രിക്കറ്റ് ടീമിന്റെ അപൂർവ നീക്കം. ടീമിലെ 10 പേരും റിട്ടയേര്‍ഡ് ഔട്ടായിക്കൊണ്ടാണ് യുഎഇ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത യുഎഇ ടീമിന് ഓപ്പണർമാരായ തീർത്ഥ സതീഷും ക്യാപ്റ്റൻ ഇഷ രോഹിത് ഓസയും ചേർന്ന് മികച്ച തുടക്കം നൽകി. വെറും 16 ഓവറിൽ 192 റൺസിന്റെ കൂട്ടുകെട്ട് ഇരുവരും ചേർന്ന് പടുത്തുയർത്തി. ഓസ 55 പന്തിൽ 14 ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 113 റൺസ് നേടി.തീർത്ഥ സതീഷ് 42 പന്തിൽ 11 ബൗണ്ടറികൾ ഉൾപ്പെടെ 74 റൺസ് നേടി മികച്ച പിന്തുണ നൽകി.
മഴ ഭീഷണി ഉയർന്ന് കളി തർസപ്പെടാൻ സാധ്യതയുണ്ടെന്ന് കണ്ടതോടെയാണ് യുഎഇ പുതിയ തന്ത്രം പുറപ്പെടുത്തത്. എല്ലാ ബാറ്റ്‌സ്മാൻമാരും പാഡ് ചെയ്ത് ക്രീസിലേക്ക് നടന്ന് എത്തിയ ഉടൻ തന്നെ ഒന്നിന് പിറകെ ഒന്നായി റിട്ടയർഡ് ഔട്ട് ആയി മടങ്ങി. കാലാവസ്ഥാ തടസ്സങ്ങൾ കളിയെ ബാധിക്കുന്നതിനുമുമ്പ് യുഎഇക്ക് അവരുടെ ഇന്നിംഗ്സ് വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. ടി20 ക്രിക്കറ്റിൽ ഡിക്ലയര്‍ ചെയ്യാനുള്ള ചട്ടം ഇല്ലാത്തതിനാലാണ് ഇത്തരമൊരു മാര്‍ഗം യുഎഇ ടീം തിരഞ്ഞെടുത്തത്.
എന്നാൽ ഈ തീരുമാനം ടീമിന്റെ ഫലത്തെ ബാധിച്ചില്ല. യുഎഇ ബൗളർമാർ ഖത്തറിന്റെ ബാറ്റിംഗ് നിരയെ നിസ്സാരമായി നേരിട്ടു. 11.1 ഓവറിൽ വെറും 29 റൺസിന് അവരെ ഖത്തറിനെ പുറത്താക്കി 163 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് യുഎഇ ടീം സ്വന്തമാക്കിയത്.യുഎഇയ്ക്കായി ഇടംകൈയ്യൻ സ്പിന്നർ മിഷേൽ ബോത്ത 11 റൺസിന് 3 വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി. കാറ്റി തോംസൺ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, ഇഷ, ഹീന ഹോച്ചന്ദാനി, ഇന്ദുജ നന്ദകുമാർ, വൈഷ്ണവ് മഹേഷ് എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ഓൾറൗണ്ട് പ്രകടനത്തിലൂടെ ഇഷ കളിയിലെ താരമായി.
വിജയത്തോടെ നാല് പോയിന്റുകളുമായി യുഎഇ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ ആദ്യ മത്സരത്തിൽ അവർ മലേഷ്യയെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. മെയ് 13 ന് ബാങ്കോക്കിലെ ഇതേ വേദിയിൽ യുഎഇ വീണ്ടും മലേഷ്യയെ നേരിടും.