ഈ വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ അതിന് പിന്നിൽ നിർണായക പങ്ക് വഹിച്ച താരങ്ങളിൽ ഒരാളാണ് കെ എൽ രാഹുൽ. ഋഷഭ് പന്തിനെ മറികടന്നാണ് ചാമ്പ്യൻസ് ട്രോഫിയിൽ വിക്കറ്റ് കീപ്പർ സ്ഥാനത്ത് രാഹുലിനെ ഇന്ത്യ കളിപ്പിച്ചത്. തുടക്കത്തിൽ ഈ നീക്കം വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും പിന്നീട് രാഹുൽ മികവ് കാട്ടിയതോടെ വിമർശകർ അടങ്ങി. ഫൈനലിൽ ഉൾപ്പെടെ രാഹുൽ നിർണായക പ്രകടനം കാഴ്ച വെച്ചു. ഇതോടെ പന്തിനെ മറികടന്ന് രാഹുലിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം വലിയ വിജയമാവുകയും ചെയ്തു.
ചാമ്പ്യൻസ് ട്രോഫിയിൽ 140 റൺസാണ് രാഹുൽ ഇത്തവണ നേടിയത്. ബാറ്റ് ചെയ്ത നാല് കളികളിൽ ഒരു തവണ മാത്രമാണ് അദ്ദേഹം പുറത്തായത്. സെമിഫൈനലിലും ഫൈനലിലും അദ്ദേഹം നോട്ടൗട്ടായിരുന്നു. ബംഗ്ലാദേശിന് എതിരായ ആദ്യ കളിയിൽ പുറത്താകാതെ 41 റൺസ് നേടിയ രാഹുൽ പാകിസ്താനെതിരെ ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല.
സെമിയിൽ ഓസ്ട്രേലിയക്ക് എതിരെ 42 റൺസെടുത്ത രാഹുൽ, ഫൈനലിൽ ന്യൂസിലൻഡിന് എതിരെ 34 റൺസ് നേടി. 140 എന്ന കിടിലൻ ബാറ്റിങ് ശരാശരിയുമായാണ് രാഹുൽ ഇത്തവണ ചാമ്പ്യൻസ് ട്രോഫി അവസാനിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ മാത്രമാണ് താരം പുറത്തായത് (23 റൺസ്).
ഐസിസി ടൂർണമെന്റിൽ ഒരിന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി എന്ന റെക്കോഡാണ് ഇതോടെ കെ എൽ രാഹുലിന് സ്വന്തമായത്. ഒരു ഐസിസി ടൂർണമെന്റിൽ 140 ബാറ്റിങ് ശരാശരി നേടുന്ന ആദ്യ ഇന്ത്യൻ താരവുമാണ് അദ്ദേഹം. ഇതിഹാസ താരം വിരാട് കോഹ്ലിയെയാണ് ഈ നേട്ടത്തിൽ രാഹുൽ മറികടന്നത്
2016 ലെ ടി20 ലോകകപ്പിൽ നേടിയ 136.50 ബാറ്റിങ് ശരാശരിയാണ് കോഹ്ലിയെ ഇത്ര നാൾ ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്ത് നിർത്തിയിരുന്നത്. അന്ന് അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 273 റൺസ് നേടിയ കോഹ്ലി രണ്ട് തവണ മാത്രമായിരുന്നു പുറത്തായത്. 2002 ലെ ചാമ്പ്യൻസ് ട്രോഫിയിൽ 130 ബാറ്റിങ് ശരാശരിയിൽ 130 റൺസ് നേടിയ മുഹമ്മദ് കൈഫും, 2017 ലെ ചാമ്പ്യൻസ് ട്രോഫിയിൽ 129 ശരാശരിയിൽ 258 റൺസ് നേടിയ വിരാട് കോഹ്ലിയുമാണ് ഈ ലിസ്റ്റിൽ പിന്നാലെ