1971ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗന്ധി അമേരിക്കയ്ക്ക് കീഴടങ്ങിയിരുന്നില്ലെന്ന പ്രചാരണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രചാരണത്തെ തള്ളി ശശി തരൂര്‍ എംപിയും രംഗത്തെത്തി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമെന്നും രണ്ടും താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്നും ശശി തരൂർ എംപി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.ഭീകരതയ്ക്കെതിരെ താക്കീത് നല്കുക എന്ന ലക്ഷ്യം കൈവരിച്ചെന്നും തരൂർ പറഞ്ഞു.
ഇനിയും സംഘര്‍ഷം നീട്ടികൊണ്ടുപോകുന്നതിൽ അര്‍ത്ഥമില്ലെന്നും ശശി തരൂര്‍ എംപി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തൽ ധാരണ അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് ആദ്യം പ്രഖ്യാപിക്കുന്നത്. എന്നാൽ, വെടിനിര്‍ത്തൽ കരാര്‍ സ്ഥിരീകരിച്ച ഇന്ത്യ മൂന്നാം കക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കിയത്. എന്നാൽ, വെടിനിര്‍ത്തലിന് അമേരിക്കയുടെ ഇടപെടലുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് 1971ലെ കാര്യം ചൂണ്ടികാട്ടി കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.