ശബരിമല ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി. വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു.

0
33

കോട്ടയം: ശബരിമല ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സാമൂഹിക ആഘാത വിലയിരുത്തൽ (എസ്‌ഐ‌എ) പഠന റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു. സാമൂഹിക നീതി വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ പ്രതാപൻ അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് സർക്കാരിന് നിർണായക റിപ്പോർട്ട് കൈമാറിയത്. വിമാനത്താവളം എത്തുന്നതോടെ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടം വലുതാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.

വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജാണ് ശുപാർശ ചെയ്യുന്നത്. തൊഴിലാളികളിൽ പലരും അഞ്ച് തലമുറകളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. പദ്ധതി എത്തുന്നതോടെ ഇവർക്ക് മറ്റ് ഇടങ്ങളിലേക്കോ നഗര പ്രദേശങ്ങളിലേക്കോ മാറേണ്ടിവരുമ്പോൾ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കമ്മിറ്റി നിരീക്ഷിച്ചു

പദ്ധതി വരുന്നതോടെ ഇവർക്ക് തൊഴിൽ നഷ്ടമാകുമെന്നതിനാലാണ് പാക്കേജി ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തത്. വിമാനത്താവളത്തിൻ്റെ നിർമാണ ഘട്ടത്തിലും പദ്ധതി പൂർത്തിയായ ശേഷവും പദ്ധതി പ്രദേശത്ത് താമസിച്ചിരുന്ന തൊഴിലാളികൾക്ക്
മുൻഗണന നൽകണമെന്ന എസ്‌ഐ‌എ റിപ്പോർട്ടിലെ നിർദേശം കമ്മിറ്റി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഭൂവുടമകളെയും സാമൂഹിക ആഘാത പഠനത്തിൽ ഉൾപ്പെടാത്ത മറ്റ് ആളുകളെയും പരിഹണിക്കണമെന്ന് നിർദേശമുണ്ട്. വിമാനത്താവള പദ്ധതിപ്രദേശത്തിന് പുറത്തുള്ള മണിമലയിലെ കരിത്തോട്ടെ ഏതാനം താമസക്കാരെ ഒഴിവാക്കണമെന്ന അഭ്യർഥനയോട് അനുകൂല നിലപാടാണുള്ളത്.

പദ്ധതി പ്രദേശത്തെ സ്കൂൾ മാറ്റിസ്ഥാപിക്കുന്നതിനായി ഭൂമി കണ്ടെത്തണം. മതസ്ഥാപനങ്ങൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയുടെ കാര്യത്തിലും സമാനമായ നടപടികൾ ഉണ്ടാകണമെന്നും നിർദേശമുണ്ട്. പദ്ധതി എത്തുന്നതോടെ സ്കൂൾ മാറ്റി സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്തിത്തരണമെന്ന് കരിത്തോട് നോയൽ മെമ്മോറിയൽ എൽപി സ്കൂൾ മാനേജ്‌മെൻ്റ് അഭ്യർഥിച്ചിരുന്നു.

ഭാരത മാതാ കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ സംഘം തയ്യാറാക്കിയ എസ്‌ഐ‌എ റിപ്പോർട്ട് പ്രകാരം വിമാനത്താവള പദ്ധതി ചെറുവള്ളി എസ്റ്റേറ്റിലെ 238 കുടുംബങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളുടെ ഉപജീവനത്തെ പദ്ധതി നേരിട്ട് ബാധിക്കും. പദ്ധതി എത്തുന്നതോടെ 352 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. ഏഴ് ആരാധനാലയങ്ങൾ, രണ്ട് സ്കൂളുകൾ, ഒരു ആശുപത്രി, ഒരു കാന്റീന്, ഒരു റേഷൻ കട, ഒരു ലേബർ ഓഫീസ് എന്നിവ മാറ്റിസ്ഥാപിക്കേണ്ടതായി വരും.

LEAVE A REPLY

Please enter your comment!
Please enter your name here