മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി രണ്ടാമത്തെ ആഴ്ചയിലും തുടരുകയാണ്. വിമത നേതാവ് ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം സൃഷ്ടിച്ച പ്രതിസന്ധി ഏത് വഴിയിലും അവസാനിപ്പിക്കുകയെന്ന ലക്ഷ്യമാണ് പാർട്ടിക്കുള്ളത്. എന്നാൽ, ശിവസേന നേതൃത്വവുമായി തങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും കോൺഗ്രസ് സഖ്യമാണ് വിമത നീക്കത്തിനുള്ള കാരണമെന്നും ചൂണ്ടിക്കാട്ടുകയാണ് ഷിന്ദേ പക്ഷം. ബിജെപിയുമായി സഖ്യത്തിലാവുകയെന്ന പരിഹാരമാണ് അവർ നിർദേശിക്കുന്നത്.
ബിജെപി സഖ്യം എന്ന ആവശ്യം വിമത എംഎൽഎമാർ മുന്നോട്ട് വെക്കുമ്പോൾ ഒരു കാരണവശാലും ബിജെപിയുമായി ചേരില്ലെന്ന നിലപാടാണ് ഉദ്ധവ് താക്കറേയുടേത്. വിമത എംഎൽഎ ദീപക് കെ സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്ധവിന് കത്തയക്കുകയും ചെയ്തു. അതിനിടെ വിമതരെ അനുനയിപ്പിക്കാൻ ശിവസേന എം.പിമാരുടെ നേതൃത്വത്തിൽ നീക്കം നടക്കുന്നുണ്ട്. പാർട്ടിക്കൊപ്പമുള്ള എംപിമാരിൽ അഞ്ച് പേർ ഏക്നാഥ് ഷിന്ദേയുടെ മകനും ലോക്സഭ എംപിയുമായ ശ്രീകാന്ത് ഷിന്ദേയുമായി ചർച്ച നടത്തി.
പ്രശ്ന പരിഹാരത്തിന് ജൂലായ് 12 വരെ സുപ്രീം കോടതി സമയം നീട്ടിക്കൊടുത്ത പശ്ചാത്തലത്തിൽ പ്രശ്നപരിഹാരം നീളുമെന്ന് ഉറപ്പാണ്. രണ്ടാഴ്ചയോളം സമയമുണ്ടെന്നിരിക്കെ പിളർപ്പിലേക്ക് പോകുന്നത് ഒഴിവാക്കാനുള്ള ഊർജിതമായ ശ്രമമാണ് നടക്കുന്നത്. വിമതരെ അനുനയിപ്പിക്കാൻ എംപിമാരെ രംഗത്തിറക്കി ഷിന്ദേയുടെ മകനുമായി ചർച്ച നടത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാൽ എൻസിപി സഖ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടാലുള്ള പ്രശ്നമാണ് വിമത എംഎൽഎമാർ ചൂണ്ടിക്കാണിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായി നിൽക്കണമെന്നും ഇല്ലെങ്കിൽ വിജയിക്കാൻ കഴിയില്ലെന്നുമാണ് വിമതരുടെ നിലപാട്. കഴിഞ്ഞ നിയമഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എംഎൽഎമാരുണ്ടായത് ബിജെപി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചതിനാലാണ്. ജനവിധി പോലും ബിജെപി ശിവസേന സഖ്യം എന്ന പ്രതീക്ഷയിലായിരുന്നുവെന്നും എംഎൽഎമാർ ഓർമിപ്പിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് ശിവസേന ബിജെപി സഖ്യം വേർപിരിയുന്നതിലേക്ക് എത്തിച്ചതും. അതേസമയം ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. അലിബാഗിൽ ഒരു പാർട്ടി യോഗത്തിലായതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നാണ് റാവത്തിന്റെ മറുപടി.