പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരെയും മുന്‍ അണുബാധകള്‍ മൂലം പ്രതിരോധശേഷി ആര്‍ജ്ജിച്ചവരെയുമെല്ലാം ബാധിക്കാന്‍ ഒമിക്രോണിന്‍റെ പുതിയ ഉപവകഭേദങ്ങള്‍ക്ക് സാധിക്കുമെന്ന് മുന്നറിയിപ്പ്. ബിഎ.4, ബിഎ.5 എന്നീ പുതിയ ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ പുതിയ കോവിഡ് തരംഗങ്ങള്‍ക്കും കാരണമാകാമെന്ന് ദക്ഷിണാഫ്രിക്കയിലെ
സെന്‍റര്‍ ഫോര്‍ എപ്പിഡെമിക് റെസ്പോണ്‍സ് ആന്‍ഡ് ഇന്നവേഷനിലെ (സിഇആര്‍ഐ) ഗവേഷകര്‍ പറയുന്നു.
കഴിഞ്ഞ മാസമാണ് സിഇആര്‍ഐയിലെ ഗവേഷകര്‍ ഈ പുതിയ ഒമിക്രോണ്‍ ഉപവകഭേദങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 2021 ഡിസംബറിലോ 2022 ജനുവരി ആദ്യമോ ആകാം ഇവയുടെ ആവിര്‍ഭാവമെന്ന് സിഇആര്‍ഐ ഡയറക്ടര്‍ ടുലിയോ ഡി ഒലീവേറ പറയുന്നു. പൂര്‍ണമായും വാക്സിനേഷന്‍ എടുത്തവരിലും ആന്‍റിബോഡി ഉത്പാദനത്തില്‍ എട്ട് മടങ്ങ് കുറവ് വരുത്താന്‍ ഒമിക്രോണ്‍ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ക്ക് സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.
കൊറോണ വൈറസിന്‍റെ ഏറ്റവുമധികം ജനിതക വ്യതിയാനം സംഭവിച്ച വകഭേദമാണ് ഒമിക്രോണ്‍. 42ലധികം വ്യതിയാനങ്ങള്‍ ഇതിനകം ഒമിക്രോണിനുണ്ടായി. മുന പോലുള്ള സ്പൈക് പ്രോട്ടീനിലുണ്ടാകുന്ന സുപ്രധാന വ്യതിയാനങ്ങളാണ് ഒമിക്രോണിന് ഉയര്‍ന്ന വ്യാപനശേഷിയുണ്ടാക്കുന്നത്. നിരന്തരമായ തലവേദന, പനി, കുളിര്‍, അസ്വസ്ഥത, അത്യധികമായ ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയെല്ലാം ഒമിക്രോണ്‍ ബിഎ.4, ബിഎ.5 ഉപവകഭേദങ്ങള്‍ മൂലമുണ്ടാകുന്ന കോവിഡ് ലക്ഷണങ്ങളാണ്. നിലവില്‍ ഒമിക്രോണിന്‍റെ ബിഎ.2 വകഭേദമാണ് ലോകത്തിലെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദം.