കാൺപൂര്‍: അധ്യാപകന്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിലെ കാൺപൂരില്‍ ഇന്നലെയാണ് സംഭവം. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ശിവാനി എന്നു പേരുള്ള വിദ്യാര്‍ത്ഥിനിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുന്നത്.
കാണ്‍പൂരിലെ കന്‍റോണ്‍മെന്‍റ് ബോര്‍ഡ് സ്കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ശിവാനിയോട് അധ്യാപകനായ ഘനശ്യാം വഴക്ക് പറയുകയും ‘നിനക്ക്, ഞാന്‍ സ്കൂളില്‍ കിടക്ക കൊണ്ട് തരണോ?’ എന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ മനംനൊന്ത വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായ വിദ്യാര്‍ത്ഥിനി ഘനശ്യാമിനെതിരെ മൊഴി നല്‍കി. ഈ അധ്യാപകന്‍ തന്നെ സ്കൂളില്‍ വച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. പലപ്പോഴും നിസാര കുറ്റത്തിന് പോലും ക്ലാസ് മുറിയുടെ പുറത്ത് മണിക്കൂറുകളോളം നിര്‍ത്തും. പല തവണ പ്രധാനാദ്യാപകനോട് പരാതി പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, വിദ്യാര്‍ത്ഥിനിയുടെ ആരോപണങ്ങള്‍ ഘനശ്യാം നിഷേധിച്ചു. ക്ലാസ് മോണിറ്ററായ ശിവാനിയുടെ പല തട്ടിപ്പുകളും താന്‍ പിടികൂടിയെന്നും ഇതേ കുറിച്ച് പ്രധാന അധ്യാപകന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ശിവാനി അധ്യാപകരോട് എപ്പോഴും ധിക്കാരത്തോടെ സംസാരിക്കും. അവളെ പല തവണ താന്‍ പ്രിന്‍സിപ്പാളിന്‍റെ അടുത്തേക്ക് കൊണ്ടു പോയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. കന്‍റോണ്‍മെന്‍റ് ബോര്‍ഡ് സ്കളിലെ പ്രധാന അധ്യാപികായ നീത അധ്യാപകനെ പിന്താങ്ങി. അധ്യാപകരോടുള്ള ശിവാനിയുടെ സമീപനം ശരിയല്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.