ചെന്നൈ : ജെ ജയലളിത, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി വിടവാങ്ങിയിട്ട് ഇന്നേക്ക് എട്ടുവര്‍ഷം. ഇന്ത്യ കണ്ട പകരം വയ്ക്കാനില്ലാത്ത ഒരു വനിതാ നേതാവായിരുന്നു ജയലളിത. ഇന്ത്യൻ രാഷ്ട്രീയത്തിലെ രാഷ്ട്രീയ കരുത്തരില്‍ കരുത്തരായ വനിതകളുടെ പട്ടികയില്‍ മുന്‍പന്തിയിലുള്ളതും, വെള്ളിത്തിരയില്‍ നിന്ന് തമിഴകമണ്ണിന്റെ അമ്മയായി മാറിയ, അസാധ്യ പ്രതിഭയുടെ പേരുമാണ് ജെ ജയലളിത.
ഒട്ടുംതന്നെ എളുപ്പമല്ലാത്തൊരു ജീവിത യാത്രയായിരുന്നു ജയലളിതയുടേത്. വളരെയധികം ട്വിസ്റ്റും, ആക്ഷനും തുല്യമായ രീതിയിൽ ചേര്‍ത്തെടുത്ത് നിര്‍മ്മിച്ചൊരു സിനിമ പോലെ അത്യന്തം നാടകീയമായ ഒരു ജീവിതമായിരുന്നു അവരുടേത്. പതിനഞ്ചാം വയസ്സില്‍ തുടങ്ങിയ സിനിമാക്കാലം. എം ജി ആറുമായുള്ള അടുത്ത സൗഹൃദം രാഷ്ട്രീയത്തിലെത്തിച്ചു. എം ജി ആറിന്റെ മരണശേഷം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെങ്കിലും പിന്നീട് എ ഐ എ ഡി എംകെയുടെ വാക്കും നോക്കുമായി ജയലളിത മാറി. ശേഷം തമിഴ്‌നാടിന്റെ പുരട്ചി തലൈവിയിലേക്ക് വളര്‍ന്നു പന്തലിച്ചു.
എം കരുണാനിധി എന്നും ഒരു വലിയ വെല്ലുവിളിയായി മുന്നിലുണ്ടായിരുന്നു. അടിയും, തിരച്ചടിയുമായി ഇരു നേതാക്കളും ദ്രാവിഡ രാഷ്ട്രീയത്തെ കലുഷിതമാക്കിയ കാലം. ഒരിക്കല്‍ അപമാനിതയായി ഇറങ്ങിപ്പോകേണ്ടിവന്ന നിയമസഭയില്‍, ഇനി മുഖ്യമന്ത്രിയാകാതെ കാല്‍കുത്തില്ലെന്ന ദൃഢപ്രതിജ്ഞ. അവർ ഒടുവില്‍, മുഖ്യമന്ത്രിയായി തന്നെ തിരിച്ചു കയറി വന്നു. പിന്നീട് ജയലളിത ദീര്‍ഘകാലം തമിഴകം അമ്മയായിരുന്ന് ഭരിച്ചു. 2016- ഡിസംബര്‍ അഞ്ചിന് 68-ാം വയസ്സില്‍ ജയലളിത ലോകത്തോട് വിടപറഞ്ഞു.