പുതുവർഷപ്പിറവിയിൽ കേരളം കണികണ്ടുണരുന്നത് ഒരു സന്തോഷ് ട്രോഫി കിരീടമായിരിക്കുമോ?
ചിരവൈരികളായ ബംഗാൾ കടുവകളെ പിടിച്ചുകെട്ടി സന്തോഷ് ട്രോഫിയിൽ മുത്തമിടാൻകേരളം ഇന്നിറങ്ങുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ് രാത്രി 7.30ന്. ഡിഡി സ്പോർട്സ് ചാനലിൽ തൽസമയം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്. സന്തോഷ് ട്രോഫി ചരിത്രത്തിൽ 46 തവണ ഫൈനലിലെത്തുകയും അതിൽ 32 തവണ ചാംപ്യൻമാരാവുകയും ചെയ്ത ടീമാണ് ബംഗാൾ. കേരളം ഇതുവരെ 15 തവണ ഫൈനലിലെത്തി. ഏഴു തവണ കിരീടംസ്വന്തമാക്കി. അവസാനമായി രണ്ടുതവണ കേരളം ജേതാക്കളായപ്പോഴും ഫൈനലിൽ ബംഗാളായിരുന്നു എതിരാളികൾ.രണ്ടു തവണയും ജയം ഷൂട്ടൗട്ടിൽ. 2018ൽ കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ 4–2നും 2021ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ 5–4നുമായിരുന്നു കേരളത്തിന്റെ ജയം.