നേമം: തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് പിറകിലായി പാരീസ് റോഡില്‍ മാലിന്യനിക്ഷേപം . വത്സല നഴ്സിങ് ഹോമിന്റെ സമീപംവരെ 100 മീറ്ററോളം ഭാഗത്താണ് മാലിന്യ കൂട്ടിയിട്ടിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളും വീടുകളിലെ ആഹാരാവശിഷ്ടങ്ങളുമാണ് കുന്നുകൂടിയത്. ഈ ഭാഗത്ത് തെരുവ് നായ്ക്കള്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വലിച്ചിട്ടുള്ള കേബിളിന് മുകളിലാണ് പ്ലാസ്റ്റിക് കവറുകള്‍ വലിച്ചെറിയുന്നത്. ട്രിഡയുമായി സഹകരിച്ച് ഈ ഭാഗത്ത് സി.സി.ടി.വി കാമറ സ്ഥാപിച്ചുവെങ്കിലും പ്രവര്‍ത്തനരഹിതമാണ്. ഇവിടെ പാര്‍ക്ക് ചെയ്യുന്ന കാറുകളുടെ മറപറ്റിയാണ് മാലിന്യം കൊണ്ടിടുന്നതെന്ന് പരിസരവാസികള്‍ പറയുന്നു.
അതേസമയം നഗരസഭാ പരിധിയില്‍ മാലിന്യം നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടുദിവസം മുമ്ബ് പുനരാരംഭിച്ചിട്ടുണ്ടെന്ന് പാളയം വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മാലിന്യം പൂര്‍ണമായി നീക്കം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നുള്ള മാലിന്യനിക്ഷേപം ഒഴിവാക്കുന്നതിന് സി.സി.ടി.വി ക്യാമറ അറ്റകുറ്റപ്പണി നടത്തുകയും സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യാനാണ് തിരുവനന്തപുരം നഗരസഭയുടെ തീരുമാനം.