ബെംഗളൂരുവിൽ അടുത്തിടെ നടന്ന പ്രതിപക്ഷ യോഗത്തിൽ രാഷ്ട്രീയ ജനതാദൾ തലവൻ ലാലു പ്രസാദ് യാദവ് തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷ മമതാ ബാനർജിയെ പിന്തുണച്ചതായും കോൺഗ്രസ് പാർട്ടിയുടെ പശ്ചിമ ബംഗാൾ ഘടകം എന്തുകൊണ്ടാണ് ടിഎംസിക്കെതിരെ സംസാരിച്ചതെന്ന് ആരാഞ്ഞതായും അടുത്ത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ആരെയും പേരെടുത്തു പറയാതെ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ലാലു യാദവ് വിഷയം ഉന്നയിച്ചു, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ ശ്രമിച്ചിട്ടും കോൺഗ്രസ് പാർട്ടിയുടെ ബംഗാൾ ഘടകം ടിഎംസിയുമായി ഏറ്റുമുട്ടുന്നത് എന്തുകൊണ്ടാണെന്നായിരുന്നു ലാലുവിന്റെ ചോദ്യം.
തുടർന്ന് ആർജെഡി മേധാവി സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേരെ തിരിയുകയും ഇടതുപക്ഷത്ത് നിന്നുള്ള ചില നേതാക്കളും ടിഎംസിയെ പിണക്കുകയാണെന്നും ഇത് പ്രതിപക്ഷ ഐക്യത്തിന് ദോഷം വരുത്തുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
നേരത്തെ, സംസ്ഥാന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ അക്രമത്തിന്റെ പേരിൽ മമത ബാനർജിയെ ഏകാധിപതിയായും തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) പ്രവർത്തകരെ ഗുണ്ടകളായും ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി വിശേഷിപ്പിച്ചിരുന്നു.
റൂറൽ തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ വികാരം മുതലെടുക്കാൻ ടിഎംസി അധ്യക്ഷ സ്വയം പരുക്കേൽപ്പിച്ചെന്നും ചൗധരി ആരോപിച്ചിരുന്നു. പട്‌നയിലെ ആദ്യ പ്രതിപക്ഷ യോഗം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം, മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുന്നതിനിടെ മമത ബാനർജിയുടെ ഇടതു കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റിരുന്നു.
പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായുള്ള സഖ്യസാധ്യത തള്ളിക്കളഞ്ഞ സിപിഎമ്മിന്റെ സീതാറാം യെച്ചൂരി, ഇടതുപക്ഷവും കോൺഗ്രസും ചേർന്നുള്ള മതേതര പാർട്ടികൾ ബിജെപിയെയും സംസ്ഥാനത്ത് ടിഎംസിയെയും ഒരുപോലെ നേരിടുമെന്ന് പറഞ്ഞിരുന്നു. ‘മമതയും സിപിഎമ്മും ഒരുമിച്ച് പോവില്ല’ ബെംഗളൂരു യോഗത്തിന് ദിവസങ്ങൾക്ക് മുമ്പ് സിപിഐഎം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നു.
മറുവശത്ത്, വോട്ടെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം, തിരഞ്ഞെടുപ്പ് അക്രമത്തിന് പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികളെ കുറ്റപ്പെടുത്തുകയും “റാം, ഷാം, ബാം” അഥവാ ബിജെപിയും കോൺഗ്രസും സിപിഎമ്മുമാണ് പ്രവർത്തകരുടെ മരണത്തിന് ഉത്തരവാദികളെന്നും മമത ബാനർജി പറഞ്ഞിരുന്നു.
കോൺഗ്രസും സിപിഎമ്മും പരസ്‌പര വിരുദ്ധമായ പെരുമാറ്റമാണ് കാണിക്കുന്നതെന്ന് അവർ ആരോപിച്ചു, “നിങ്ങൾ ഇവിടെ എന്നെ അധിക്ഷേപിക്കും, എന്നിട്ട് ഞാൻ നിങ്ങൾക്ക് അവിടെ പൂജ അർപ്പിക്കണം. ഇത് പ്രതീക്ഷിക്കാനാവാത്ത കാര്യമാണ്. ചില ആത്മാർത്ഥമായ സഹകരണം കണ്ടാൽ മാത്രമേ ഞാൻ അത് തിരിച്ചുനൽകൂ.” മമത വ്യക്തമാക്കി. ദേശീയ തലത്തിൽ ഒരു മുന്നണിക്കായുള്ള ചർച്ചകൾ നടക്കുന്നതിനാൽ അവരെക്കുറിച്ച് പ്രതികരിക്കുന്നതിൽ നിന്ന് താൻ വിട്ടുനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു.